കൊച്ചി: കേരളത്തെ നടുക്കിയ അവയവക്കടത്ത് കേസില്‍ കള്ളപ്പണ ഇടപാടുകളുടെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടത്തിയ പരമ്പര റെയ്ഡുകളിലാണ് മാഫിയയുടെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖകളും സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ഇ.ഡി ആരംഭിച്ചു.
കേസിലെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയതായി ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാത്രം നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്‍ തുക കമ്മീഷനായി കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഇടപാടുകളുടെ ഡിജിറ്റല്‍ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും, അവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അവയവക്കടത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കിലേക്ക് അന്വേഷണം നീണ്ടത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിലും കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ ആശുപത്രികളിലും ഒരേസമയം പരിശോധന നടന്നു. ആശുപത്രികള്‍ക്ക് പുറമെ കേസില്‍ ഇടനിലക്കാരാണെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് സ്വദേശികളായ ശ്രീജ, സുധീര്‍ എന്നിവരുടെ വീടുകളിലും ഇ.ഡി വ്യാപക പരിശോധന നടത്തി. അവയവക്കടത്തിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകളും ഹവാല ബന്ധങ്ങളും നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി.
പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന പൂര്‍ത്തിയാകുന്നതോടെ കേസില്‍ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. അവയവ ദാനത്തിന്റെ മറവില്‍ നടന്ന ഈ വന്‍ സാമ്പത്തിക ചൂഷണത്തിന്റെ വേരറുക്കാനുള്ള നീക്കത്തിലാണ് ഇ.ഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
