കെ- ഫോണുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യമില്ല. നീതി തേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കരുത്. അതു കോടതി തന്നെ പരിശോധിക്കട്ടെയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
''പബ്ലിസിറ്റിക്ക് വേണ്ടി വന്നുവെന്നത് വിമര്‍ശനമല്ല പരിഹാസമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേ. ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ്. ഇനി എന്തു പ്രതീക്ഷയെന്ന് സാധാരണക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാകില്ല'' എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
അതിര്‍ത്തി തര്‍ക്കത്തിന് അല്ല താൻ കോടതിയിലെത്തിയത്. അത് താനും പിണറായി വിജയനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അല്ലല്ലോ. വേലി കെട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമെങ്കില്‍ പൊതുതാല്‍പ്പര്യം ഇല്ലായെന്ന് പറയാം. എന്തായാലും തനിക്ക് ഇപ്പോഴും നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും ബഹുമാനമുണ്ട്. കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണമൊന്നും ഉണ്ടായില്ല.
തുടർന്ന് കൂടുതല്‍ രേഖകള്‍ കിട്ടിയപ്പോഴാണ് കോടതിയെ സമീപിച്ചത്. താന്‍ ഒരു അഭിഭാഷകനാണ്. നിയമ വിദ്യാര്‍ത്ഥിയാണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. കോടതിയില്‍ പോയാല്‍ എങ്ങനെ പബ്ലിസിറ്റി കിട്ടുമെന്ന് മനസ്സിലായിട്ടില്ല. മൂന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ മുമ്പ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന് അനുകൂല പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. പൊതുതാല്‍പ്പര്യഹര്‍ജി എന്താണെന്ന് തനിക്ക് വ്യക്തമായിട്ടറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്