പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കില്ലെന്ന് റിപ്പോർട്ട്. കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിധിപ്രസ്താവം മാറ്റിവെക്കുകയായിരുന്നു.
അടുത്ത പ്രവർത്തി ദിവസത്തിൽ തന്നെ കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി മാറ്റിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ഇന്ന് കോടതിയിലെത്തില്ല.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഈ ഇരട്ടക്കൊല നടത്തിയത്. സ്വന്തം കുടുംബം തകരാൻ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിലെത്തിയത്. ഇയാൾ പ്രദേശത്ത് എത്തിയ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
തുടർന്ന് കയ്യിലുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തി. ഇത് കണ്ടെത്തിയ സുധാകരന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സജിത വധക്കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം തടവ് കോടതി വിധിച്ചിരുന്നു.
ഇരട്ടക്കൊലക്കേസിൽ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രതിയുടെ ബന്ധുക്കളും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ചില സാക്ഷികൾ പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് കോടതിയിൽ പിന്മാറിയെങ്കിലും, കുറ്റം തെളിയിക്കാൻ ആവശ്യമായ ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യം.
പ്രതി കോടതിയിൽ ഹാജരാകുന്ന ഓരോ തവണയും തങ്ങളെ ഭീഷണിപ്പെടുത്തുകയും കൊലവിളി മുഴക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. അതിനാൽ ഇപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്നും, ചെന്താമരയെ വീണ്ടും പുറത്തുവിട്ടാൽ സ്വന്തം ജീവന് ഗുരുതര ഭീഷണിയുണ്ടാകുമെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
