കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. കേസിൽ നിർണായകമായേക്കാം എന്ന് കരുതുന്ന മിനി കൂപ്പർ കാറിന്റെ ഇഡിആർ വിവരങ്ങൾ ഉൾപ്പടെ ലഭിക്കുന്ന സാഹചര്യത്തിൽ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ഉൾപ്പടെ സുഹൈലിനെ കസ്റ്റഡിയിൽ കിട്ടിയത് രണ്ട് ദിവസം മാത്രമാണെന്നും ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. സുഹൈൽ ഉൾപ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, തുടർച്ചയായി നാലുദിവസം കോടതി അവധി ആയതിനാൽ പ്രതികൾക്ക് ജാമ്യം തേടി മേൽക്കോടതികളെ സമീപിക്കാനുള്ള സാധ്യത തടസപ്പെട്ടിരിക്കുകയാണ്. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നൽകിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നൽകാൻ എങ്ങനെ കഴിയുമെന്നും മൊഴി നൽകാൻ അയാൾ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. നരഹത്യ ചുമത്താൻ എന്ത് കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിൽ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
