ആലപ്പുഴ: മുണ്ടിനീര് (മംപ്സ്) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ജില്ലാ കളക്ടർ അവധി ഉത്തരവിറക്കിയത്.
സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാൻ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്.
അവധി കാലയളവിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഒരുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ജില്ലയിൽ സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി അറിയിച്ചു.
പാരമിക്‌സോ വൈറസ് മൂലമുണ്ടാകുന്ന മുണ്ടിനീര് പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. രോഗബാധിതരിൽ ഗ്രന്ഥികളിൽ വീക്കം പ്രകടമാകുന്നതിന് തൊട്ടുമുമ്പും തുടർന്ന് നാല് മുതൽ ആറ് ദിവസം വരെയും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും രോഗം ബാധിക്കാം.
ചെവിക്ക് താഴെ കവിളിന്റെ ഒരുവശത്തോ ഇരുവശങ്ങളിലോ വീക്കം, ചെറിയ പനി, തലവേദന, വായ തുറക്കാനും ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയെ പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുതെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിച്ച് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
ചുമ, തുമ്മൽ എന്നിവയിലൂടെ പുറത്തുവരുന്ന സ്രവകണങ്ങൾ, രോഗിയുമായി അടുത്തിടപഴകൽ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയാണ് രോഗം പകരുന്നത്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തപക്ഷം തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി എന്നിവയെ ബാധിക്കുന്ന ഗുരുതര സങ്കീർണതകൾക്കും കേൾവി തകരാറിനും ഭാവിയിൽ പ്രത്യുൽപാദന പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
