തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്.
മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തി വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ ഒരുങ്ങിയെന്ന റിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്. ഹംസയെ ചെയർമാൻ ആക്കിയത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് അംഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട് വന്നത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് കടുത്ത അമർഷമുണ്ട്.
അതേസമയം ബോർഡ് പിരിച്ചുവിടൽ തീരുമാനം സർക്കാരിന്റെ ആസൂത്രിതമായ ശ്രമമായിരിക്കാമെന്ന് ചെയർമാൻ കെ.എസ്. ഹംസ പ്രതികരിച്ചു. നിയമം മറികടക്കാൻ ആർക്കും കഴിയില്ല. പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും വഴിയിൽ തടഞ്ഞു നിർത്തി, പിടിച്ചുപറിക്കാർ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങളെന്നും നിലവിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഹംസ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
