കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസില്‍ നിര്‍ണായക നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും വീണയുടെ ഉടമസ്ഥതയിലായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിയുക.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ വീണ കൂടുതല്‍ സമയം തേടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ ഭാഗമായി സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ കഴിഞ്ഞദിവസം ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണയെയും ചോദ്യം ചെയ്യുന്നത്.
ഡിജിറ്റല്‍ തെളിവുകളുടെയും സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച മൊഴികളുടെയും അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യല്‍. നല്‍കിയ സേവനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടോ, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
