തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയിലെ ടിക്കറ്റ് ക്രമക്കേടുകൾ തടയാൻ 'ചലോ' സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിന് മുന്നിൽ കടുത്ത വെല്ലുവിളികൾ. നിലവിൽ പ്രതിദിനം 12.12 ലക്ഷം സ്ത്രീകളാണ് പദ്ധതി പ്രകാരം സൗജന്യ യാത്ര ചെയ്യുന്നത്. ഇവർക്കെല്ലാം കാർഡ് വിതരണം ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ ഒന്നേമുക്കാൽ കോടിയോളം വരുന്ന സ്ത്രീകളിൽ വലിയൊരു വിഭാഗം പേരും കാർഡിനായി അപേക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വെച്ച് ഇത് നടപ്പിലാക്കുക അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു ചലോ കാർഡിന് ഏകദേശം 40 രൂപയോളം ചെലവ് വരും. ഇത്രയും വലിയ തുക കാർഡുകൾക്കായി കണ്ടെത്തുന്നത് കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ഭാരമാകും.
അപേക്ഷകരുടെ വിവരങ്ങളും ആധാർ വിവരങ്ങളും ബന്ധിപ്പിച്ച് ഒരു കാർഡ് നൽകാൻ കുറഞ്ഞത് 10 മിനിറ്റെങ്കിലും ആവശ്യമാണ്. ഡിപ്പോകളിൽ ഇതിനായി ആവശ്യത്തിന് ജീവനക്കാരോ സാങ്കേതിക സൗകര്യങ്ങളോ നിലവിലില്ല.
കാർഡുകൾ മറ്റുള്ളവർക്ക് കൈമാറി ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. പുരുഷന്മാരായ യാത്രക്കാർക്ക് ടിക്കറ്റ് നൽകി പണം വാങ്ങിയ ശേഷം കാർഡ് ഉപയോഗിച്ച് സിസ്റ്റത്തിൽ എൻട്രി വരുത്താൻ ചില ജീവനക്കാർക്ക് സാധിക്കുമെന്നതിനാൽ ഇത് ക്രമക്കേട് പൂർണ്ണമായി തടയില്ല.
70 പേർക്ക് കയറാവുന്ന ഓർഡിനറി ബസുകളിൽ നിലവിൽ 130 ഓളം യാത്രക്കാരാണ് കയറുന്നത്. ഇതോടെ പ്രതിദിനം നൽകേണ്ട ടിക്കറ്റുകളുടെ എണ്ണം 900-ൽ നിന്ന് 1800 വരെയായി ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
