കൊച്ചി: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദ്ദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് പ്രശ്‌നം തീരില്ല.ഈ പോലീസ് ഉദ്യോഗസ്ഥൻമാർക്ക് സർവീസിൽ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രിക്ക് അൽപ്പമെങ്കിലും കരുണ ഉണ്ടെങ്കിൽ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണം. ഇതിൽ സർക്കാരിന്റെ നിലപാടെന്താണെന്ന് അറിയണം.വി.എസ്.സുജിത്ത് നമ്മുടെ നാട്ടിൽ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗരും അത് തുടരട്ടെയെന്ന് മൗനാനുവാദം നൽകുകയാണ് മുഖ്യമന്ത്രി.
കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിന്റെ പോലീസ് നയം എന്താണെന്ന് കാട്ടിത്തന്ന സംഭവമാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് നേരിട്ട ക്രൂരമർദ്ദനം. 2023 ൽ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സർക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മർദ്ദനം മേൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. കസ്റ്റഡി മർദ്ദനത്തെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നു.എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇൻക്രിമെന്റ് കട്ടുചെയ്യുകമാത്രമാണ് ചെയ്തത്. മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തിൽ പങ്കാളികളായ പോലീസുകാരെപോലെ തുല്യ പ്രതികളാണ്. കീഴുദ്യോഗസ്ഥർ മോശം പ്രവർത്തി ചെയ്താൽ നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കേത് രാഷ്ട്രീയ മേധാവികളാണ്. അതിനാൽ ഈ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാൽ എംപി പറഞ്ഞു.
കേസ് ഒതുക്കി തീർക്കാൻ പ്രലോഭനങ്ങളുണ്ടായിട്ടും അതിന് വഴങ്ങാതെ പോരാടിയ വർഗീസും സുജിത്തും രാജ്യത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അഭിമാനമാണ്. സുജിത്തിന്റെ കൂടെ കോൺഗ്രസുണ്ടാകും. സുജിത്തിന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് എഐസിസി സഹായം നൽകും.സുജിത്തിന്റെ നിയമ പോരാട്ടത്തിന് ഒപ്പം നിന്ന വർഗീസിന് പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
വിഎസ് സുജിത്തിന് വിവാഹ മംഗളാശംസകൾ നേർന്ന കെസി വേണുഗോപാൽ സമ്മാനമായി ഒരു പവന്റെ സ്വർണ്ണ മോതിരവും സമ്മാനിച്ചാണ് മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്