കോട്ടയം: യുഡിഎഫ് മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഏഴ് എംഎൽഎമാരുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്നത് ന്യായമായ ആവശ്യമാണെന്നും, അതിനോട് അനുകൂല സമീപനം കോൺഗ്രസ് നേതൃത്വം സ്വീകരിക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.
“പാർട്ടി ഉന്നയിച്ചത് യുക്തിസഹമായ ആവശ്യമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന്റെ ബുദ്ധിമുട്ടുകളും അവർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഞങ്ങളുടെ ആവശ്യം ഗൗരവത്തോടെ പരിഗണിച്ച് അനുകൂല തീരുമാനം എടുക്കണമെന്നാണ് ഇന്നലത്തെ ചർച്ചയിലും ആവശ്യപ്പെട്ടത്,” എന്നാണ് മോൻസ് ജോസഫിന്റെ പ്രതികരണം.
ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് പോകുന്നതിൽ ഇപ്പോൾ താൽപര്യമില്ലെന്നും, പാർട്ടിക്ക് അർഹമായ രണ്ട് മന്ത്രിസ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ് നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, ചില പ്രധാന ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഉഭയകക്ഷി ചർച്ച നടക്കാനിരിക്കുകയാണ്. ആ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഭരണപരമായി പ്രാധാന്യമുള്ള വകുപ്പുകൾ കേരള കോൺഗ്രസിന് ലഭിക്കേണ്ടതുണ്ടെന്നും, പാർട്ടിയുടെ രാഷ്ട്രീയ ശക്തിയും തെരഞ്ഞെടുപ്പ് വിജയവും പരിഗണിച്ച് അത്തരം വകുപ്പുകൾ നൽകണമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
