തിരുവനന്തപുരം: ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐ.ടി മിഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ ഭാവിയില്‍ സഹായകമാകും.
കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴ് വയസിനുള്ളിലും പതിനഞ്ച് വയസിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ പതിനേഴ് വയസിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും. നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കല്‍ നടത്താത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവാകാനും സാധ്യതയുണ്ട്.
സ്‌കോളര്‍ഷിപ്പ്, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളജ് അഡ്മിഷന്‍, എന്‍ട്രന്‍സ് / മത്സര പരീക്ഷകള്‍, ഡിജിലോക്കര്‍, ആപാര്‍, പാന്‍ കാര്‍ഡ് മുതലായവയില്‍ ആധാര്‍ ഉപയോഗപ്പെടുത്തുന്നു. തക്ക സമയത്ത് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകള്‍ എന്നിവക്ക് രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നിങ്ങളുടെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. പല വകുപ്പുകളും ആധാറില്‍ കൊടുത്തിരിക്കുന്ന മൊബൈലില്‍ / ഇ-മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
അഞ്ച് വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 / 04712335523. കേരള സംസ്ഥാന ഐ.ടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442, [email protected].
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്