തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടുപ്രസവങ്ങൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ വർഷം കേരളത്തിൽ 428 വീട്ടുപ്രസവങ്ങൾ നടന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ്ങിന് ആരോഗ്യവകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ. 2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ 328 വീട്ടുപ്രസവങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ 2025 ഡിസംബറോടെ ഈ എണ്ണം 428 ആയി ഉയർന്നു.
ജില്ല കണക്കുകൾ പ്രകാരം തിരുവനന്തപുരം 21, കൊല്ലം 20, പത്തനംതിട്ട 6, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 37, എറണാകുളം 24, തൃശൂർ 15, പാലക്കാട് 16, മലപ്പുറം 191, കോഴിക്കോട് 24, വയനാട് 24, കണ്ണൂർ 16, കാസർകോട് 15 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള വീട്ടുപ്രസവങ്ങൾ.
അശാസ്ത്രീയ രീതികളിൽ നടത്തുന്ന പ്രസവങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങളിൽ പൊതുജനാരോഗ്യ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനിടയിലും സംസ്ഥാനത്ത് വീട്ടുപ്രസവങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
വീട്ടുപ്രസവങ്ങൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ 2024-ൽ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിലിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ടുപ്രസവങ്ങൾ ഒഴിവാക്കാൻ ബോധവത്കരണ നടപടികൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
