കൊച്ചി: സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. റോഡിൽ കാർ തടഞ്ഞുനിർത്തി ബസ് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയ സമീപകാല സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. കൊച്ചി നഗരത്തിലെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അമിതവേഗതയും അപകടകരമായ ഡ്രൈവിംഗും തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
റോഡുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ശക്തമായ ഇടപെടലുണ്ടായത്. സുരക്ഷിതമായ റോഡുകൾ പൗരന്റെ മൗലികാവകാശമാണെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. കൊച്ചിയിൽ വലിയ വാഹനങ്ങൾ നടത്തുന്ന അപകടകരമായ ഓട്ടം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറിയും കോടതിയിൽ ചൂണ്ടിക്കാട്ടി.
ബസ് ജീവനക്കാരുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുമെന്നും, പരാതികൾ അറിയിക്കാനായി വാട്ട്‌സ്ആപ്പ് നമ്പർ വാഹനങ്ങളിൽ പതിപ്പിക്കുമെന്നും കഴിഞ്ഞവർഷം പോലീസ് കോടതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. റോഡിൽ ഏറ്റവും കൂടുതൽ മാന്യതയും ഉത്തരവാദിത്തവും കാണിക്കേണ്ടത് വലിയ വാഹനങ്ങളാണ്. ചെറുവാഹനങ്ങളെ പേടിപ്പിക്കാനും അനാവശ്യമായി ഓവർടേക്ക് ചെയ്യാനും ആരാണ് ബസ് ജീവനക്കാർക്ക് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
