കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് രണ്ടിന് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഓഗസ്റ്റ് രണ്ടിന് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ അവധി നല്‍കിയത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ആവശ്യമെങ്കില്‍ അവധി നല്‍കാമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.
റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് രണ്ടിന് നടത്താന്‍ നിശ്ചയിച്ച എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കൊന്നും അനുമതിയില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇതിനുപുറമെ, ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കര്‍ഷന നടപടിയുണ്ടാകും.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മദ്രസകളും ട്യൂഷന്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. കണ്ണൂര്‍ ജില്ലയില്‍ മദ്രസകള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
