തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളിയുമായ തിരുവാഭരണങ്ങൾ കാണാതായതായി കണ്ടെത്തൽ. തിരുവാഭരണ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. തുടർന്ന് നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേടുകളുടെ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സ്വർണ-വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി കണ്ടെത്തിയത്.
പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ കട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ ഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീരചക്രം എന്നിവ ഉൾപ്പെടെ ഇരുപതോളം ക്ഷേത്രങ്ങളിലെ സ്വർണാഭരണങ്ങൾ, വെള്ളിഭരണങ്ങൾ, സ്വർണകട്ടകൾ, വെള്ളി തിരുമുഖങ്ങൾ തുടങ്ങിയവയാണ് നഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നത്.
തിരുവാഭരണ കമ്മീഷൻ നടത്തിയ വിശദമായ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ദേവസ്വം അധികൃതർ റിപ്പോർട്ട് തയ്യാറാക്കിയത്. നഷ്ടപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ അളവും മൂല്യവും സംബന്ധിച്ച കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
സംഭവം ദേവസ്വം വൃത്തങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആഭരണങ്ങൾ എപ്പോൾ, എങ്ങനെ നഷ്ടപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
