തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സിപിഐയ്ക്ക് ലഭിക്കുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ വിഷയത്തെ ചൊല്ലി ഇടതുമുന്നണി തകരുന്ന സാഹചര്യമൊന്നും ഉണ്ടാകില്ലെന്നും, മുന്നണിയുടെ ഐക്യം തകർക്കുന്ന ഒരു നടപടിയിലും സിപിഐ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച ചർച്ചകൾ അവസാനിച്ചെന്ന വിലയിരുത്തലുകൾ തള്ളിയ ബിനോയ് വിശ്വം, അത്തരമൊരു അധ്യായം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. "അധ്യായം അടഞ്ഞുവെന്ന് ആരാണ് പറഞ്ഞത്?" എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം മികച്ചതാണെന്നും പരസ്പര ചർച്ചകളിലൂടെ വിഷയത്തിൽ പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലി സിപിഐ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നടന്ന സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഈ വിഷയത്തിൽ സംസ്ഥാന ഘടകങ്ങൾ തമ്മിലുള്ള കൂടിയാലോചനയിലൂടെ തീരുമാനത്തിലെത്തുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ ഡൽഹിയിൽ വ്യക്തമാക്കിയിരുന്നത്. മുന്നണിക്കുള്ളിലെ ആശയവിനിമയത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
