കൊച്ചി: പറവൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നിമിഷ രാജുവിനെതിരെ മത്സരിക്കാന്‍ സിപിഐ മുന്‍ പ്രവര്‍ത്തക മീര തിലകന്‍.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെടാമംഗലം ഡിവിഷനിലേക്കാണ് പത്രിക സമര്‍പ്പിച്ചത്. അഭിഭാഷകനും സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരന്റെ മരുമകളും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഡിവിന്‍ ദിനകന്റെ ഭാര്യയുമാണ് നിമിഷ രാജു.
സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു നിമിഷ രാജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. രാജി ഭീഷണി മുഴക്കി സിപിഐ ഏഴിക്കര ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു എന്നായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴിക്കര പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മീര തിലകന്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി 40 വര്‍ഷം സിപിഐയുടെ ഭാഗമായിരുന്നെന്നും രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി തനിക്ക് അംഗത്വം നിഷേധിച്ചെന്നും മീര പറഞ്ഞു.
വ്യാജ പ്രാചരണങ്ങള്‍ നടത്തിയും വിശദീകരണം ചോദിക്കാതെയുമായിരുന്നു നടപടി. അതിന് നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ സെക്രട്ടറിയുടെ മരുമകളെ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിനാലാണ് പത്രിക സമര്‍പ്പിച്ചതെന്നും നിമിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പുള്ള ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നും മീര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
