തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ കൊടിപിടിച്ച് നൽകിയ സ്വീകരണത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആശുപത്രിയിലെത്തിയപ്പോൾ സ്വീകരണമൊന്നും ഉണ്ടായിരുന്നില്ലെന്നും തിരികെ മടങ്ങുന്നതിനിടെയാണ് പ്രവർത്തകർ സ്വീകരണം നൽകിയതെന്നും മന്ത്രി പറഞ്ഞു.
മഴ പെയ്തതിനെ തുടർന്നാണ് പുറത്തുണ്ടായിരുന്നവർ ആശുപത്രിക്കുള്ളിലേക്ക് കയറിയതെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ മരുന്നുകൾ എത്തിക്കുന്നുണ്ടെന്നും മരുന്നില്ലെന്ന തരത്തിൽ ചിലർ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. നെഗറ്റീവ് വാർത്തകൾക്കൊപ്പം പോസിറ്റീവ് കാര്യങ്ങളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ടെന്നും, പദ്ധതിയെ സ്വകാര്യ മേഖലയുമായി ബന്ധപ്പെടുത്തി ചില മുൻവിധികൾ ഉയരുന്നുണ്ടെങ്കിലും അത്തരം സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെക്കുറിച്ചും മുമ്പ് നിരവധി പ്രതികൂല പ്രവചനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പുനലൂർ ആശുപത്രിക്കുള്ളിൽ എൻജിഒ അസോസിയേഷൻ പ്രവർത്തകർ കൊടിപിടിച്ച് മന്ത്രിയെ സ്വീകരിച്ച ദൃശ്യങ്ങൾ വിവാദമായിരുന്നു. സർക്കാർ ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മന്ത്രി, പ്രവർത്തകർ അണിയിച്ച ഷാൾ സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
