തിരുവനന്തപുരം: നിരവധി വർഷങ്ങളായി എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പ്രസ്തുത ചോദ്യപേപ്പറിൻറെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർത്ഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിക്കുന്നുണ്ട്.
ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ക്യൂ.ഐ.പി. വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഡി.ഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടർന്നു വരുന്നത്.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരീക്ഷാർത്ഥികളിൽ നിന്നും ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയ നടപടി അല്ല.
മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് പുറപ്പടുവിച്ച സർക്കുലറുകൾ ഇക്കാര്യം വ്യക്തമാക്കുന്നവയാണ്. എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് നാൽപത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നത്.
രണ്ടായിരത്തി പതിമൂന്നിലെ മോഡൽ പരീക്ഷയുടെ സർക്കുലർ നിങ്ങൾക്ക് ഏവർക്കും പരിശോധിക്കാവുന്നതാണ്.അതിൽ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചിലവുകൾക്കായി ഓരോ പരീക്ഷാർത്ഥിയിൽ നിന്നും പത്ത് രൂപാ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ശേഖരിയ്‌ക്കേണ്ടതാണെന്ന നിർദ്ദേശമുണ്ട്. അക്കാലത്ത് യു ഡി എഫ് ആണ് ഭരിച്ചിരുന്നത്. ഉമ്മൻ ചാണ്ടി ആണ് മുഖ്യമന്ത്രി.ശ്രീ. പി. കെ. അബ്ദു റബ്ബ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.അക്കാലത്ത് കെ എസ് യു സമരം ചെയ്‌തോ? ഇതാണ് രാഷ്ട്രീയക്കളി. കെ എസ് യു ക്കാരോട് ഒന്നേ പറയാനുള്ളൂ, പരീക്ഷ അടുക്കുകയാണ്.. കുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ മന്ത്രി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്