ന്യൂഡൽഹി: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് പാർട്ടിക്കും ഭരണത്തിനും ഇടയിൽ ഏകോപനമില്ലായിരുന്നുവെന്നും, പാർട്ടിക്ക് ഭരണത്തിന്മേൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുറന്നുസമ്മതിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളെയും ജനരോഷത്തെയും ശരിവെക്കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ.
അവലോകന റിപ്പോർട്ടിലെ പ്രധാന വിമർശനങ്ങൾ:
തിരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും പിണറായി വിജയനിലേക്ക് മാത്രം കേന്ദ്രീകരിച്ചത് വൻ പാളിച്ചയായി. ഒരാളിലേക്ക് മാത്രം കാര്യങ്ങൾ ചുരുങ്ങുന്നു എന്ന എതിരാളികളുടെ തെറ്റായ പ്രചാരണത്തിന് ഇത് ആക്കം കൂട്ടി. പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാൻ യു.ഡി.എഫിന് ഇത് അവസരമൊരുക്കുകയും, കോൺഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിൽ പാർട്ടി പരാജയപ്പെടുകയും ചെയ്തു.
ജനപ്രിയ നേതാവായ കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയത് പൊതുസമൂഹത്തിലും വോട്ടർമാർക്കിടയിലും തെറ്റായ സന്ദേശമാണ് നൽകിയത്. ഇത് പാർട്ടിക്കെതിരായ പ്രചാരണത്തിന് ആയുധമായി. മന്ത്രിമാർ പ്രവർത്തകരിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു. ചില നേതാക്കളുടെ ആഡംബര ജീവിതശൈലിയും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റികൾക്ക് വലിയ വീഴ്ചകൾ സംഭവിച്ചു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ വീഴ്ച പറ്റി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പാർട്ടിയുടെ യുവജന-ബഹുജന സംഘടനകൾ പരാജയപ്പെട്ടു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ച ഭരണമായിരുന്നു എന്ന മുൻപത്തെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പുതിയ റിപ്പോർട്ട്. ലെനിന്റെയും പി. കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ചുകൊണ്ട്, തെറ്റുകൾ പരസ്യമായി ഏറ്റുപറഞ്ഞ് സ്വയംവിമർശനത്തിന് തയ്യാറാകാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര കമ്മിറ്റി കർശന നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
