കൊച്ചി: സി.എം.ആർ.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക വഴിത്തിരിവിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകൾ ഇന്നലെ ഇഡിക്ക് ലഭിച്ചു. സി.എം.ആർ.എല്ലുമായി വീണ തൈക്കണ്ടിയുടെയും എക്‌സാലോജിക്കിന്റെയും കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐ.ടി റിട്ടേണുകൾ അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൈവശമുള്ളത്.
ജൂൺ 29-ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ ടി-യോട് ഇഡി ആവശ്യപ്പെട്ടിരിക്കെ, പുതിയ രേഖകൾ അന്വേഷണത്തിന് വലിയ ശക്തി നൽകുമെന്ന വിലയിരുത്തലിലാണ് ഏജൻസി. കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലും ഇഡി ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ശശിധരൻ കര്‍ത്തയുടെ മരുമകനും സി.എം.ആർ.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ ആനന്ദ് പണിക്കരെ ഇഡി വിശദമായി ചോദ്യം ചെയ്തു. മൊഴി പരിശോധിച്ച ശേഷം അനിലിനെ വീണ്ടും വിളിച്ചുവരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
സി.എം.ആർ.എൽ–എക്‌സാലോജിക് കേസിൽ ജൂൺ 17-നാണ് വീണ ടി മുമ്പ് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായത്. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഒമ്പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ, സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ വീണയോട് ചോദിച്ചറിഞ്ഞിരുന്നു.
വിശദമായ ചോദ്യാവലിയാണ് ഇഡി തയ്യാറാക്കിയിരിക്കുന്നത്. കൈപ്പറ്റിയ പണം എങ്ങനെ വിനിയോഗിച്ചു, ആ പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിയോ, നിക്ഷേപങ്ങൾ നടത്തിയോ, എംപവർ ഇന്ത്യയിൽ നിന്ന് എടുത്ത 50 ലക്ഷം രൂപ വായ്പയുടെ സാഹചര്യം എന്ത്, എത്ര തുക തിരിച്ചടച്ചു, ആദ്യ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചത് എന്തുകൊണ്ട്, സേവനം നൽകാതെയാണ് വലിയ തുക കൈപ്പറ്റിയതെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിന് എന്താണ് മറുപടി, സി.എം.ആർ.എല്ലുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്ത്, മരവിപ്പിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിന് പുറമേ മറ്റ് അക്കൗണ്ടുകൾ ഉണ്ടോ, അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലൂടെ ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞത്.
പുതിയ രേഖകളും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴികളും ചേർന്ന് കേസിന്റെ അന്വേഷണഗതി കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. വീണയുടെ അടുത്ത ചോദ്യം ചെയ്യലിൽ ഈ രേഖകൾ അടിസ്ഥാനമാക്കി കൂടുതൽ കർശനമായ ചോദ്യങ്ങൾ ഉയരുമെന്നാണു സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
