തൃശൂർ: കൂറുമാറാൻ സിപിഎമ്മിന്റെ 50 ലക്ഷം കോഴയെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്റെ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് വിജയിച്ച ഇ.യു.ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തലേന്നായിരുന്നു സംസാരം.
‘രണ്ട് ഓപ്‌ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ട് നൽകാം. 50 ലക്ഷം വാങ്ങി ലൈഫ് സെറ്റിൽ ചെയ്യാനാണ് എന്റെ തീരുമാനം’. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു ഫോൺ സംഭാഷണം പുറത്തുവിട്ടത്. ഇതു ജാഫർ താനുമായി സംസാരിച്ചതു തന്നെയെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണു ജാഫറിന്റെ വിശദീകരണം.
പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. എൽഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജാഫർ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടി. അടുത്തദിവസം ജാഫർ അംഗത്വം രാജിവച്ചുള്ള കത്തും നൽകി. യുഡിഎഫിനൊപ്പം നിന്നാൽ 2 സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാൾ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫർ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
