സംസ്ഥാനത്ത് വേനല്‍ കനക്കുന്നതിനൊപ്പം വൈദ്യുതി പ്രതിസന്ധിയും വന്‍ ജനരോഷത്തിന് വഴിവെക്കുകയാണ്. അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങും പെട്ടെന്നുള്ള വൈദ്യുതി തടസ്സങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കുമ്പോഴും, ഭരണ-പ്രതിപക്ഷ നേതാക്കള്‍ പരസ്പരം വിരല്‍ചൂണ്ടി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമത്തിലാണോ എന്നാണ് ചിന്തിച്ച് പോകുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ളത് രാഷ്ട്രീയാരോപണങ്ങളല്ല, മറിച്ച് സ്വിച്ചിട്ടാല്‍ വെളിച്ചം ലഭിക്കുന്ന ഉറപ്പായ അടിയന്തര നടപടികളാണ്.
കേരളത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യകതയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള വലിയ വിടവാണ് നിലവിലെ തടസ്സങ്ങള്‍ക്ക് പ്രധാന കാരണം. കെഎസ്ഇബിയുടെ കണക്കുകള്‍ പ്രകാരം പ്രതിദിന ഉപഭോഗം 96.02 ദശലക്ഷം യൂണിറ്റും പീക്ക് ടൈം ആവശ്യകത 5,024 മെഗാവാട്ടുമായി ഉയരുമ്പോള്‍, സംസ്ഥാനത്ത് ആകെയുള്ള ആഭ്യന്തര ഉത്പാദനം 25.22 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഇത് ആകെ ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ്. ബാക്കി വരുന്ന 70.80 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണുള്ളത്.
സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്ന ജലവൈദ്യുത പദ്ധതികളില്‍, മഴക്കുറവ് മൂലം ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ 79.79 ശതമാനത്തില്‍ നിന്ന് 63.04 ശതമാനമായി കുത്തനെ കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അതോടൊപ്പം എയര്‍ കണ്ടീഷണറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗത്തിലുണ്ടായ വന്‍ വര്‍ധനവും വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ത്തി. ദേശീയതലത്തിലെ ഉത്പാദനക്കുറവും ഉയര്‍ന്ന വിലയും കാരണം പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് സാമ്പത്തികമായി കനത്ത ബാധ്യതയാവുകയാണ്.
യൂണിറ്റിന് 10 രൂപ നല്‍കിയാല്‍ പോലും വിപണിയില്‍ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഇതിനുപുറമേ മുന്‍കാലങ്ങളിലെ തെറ്റായ മാനേജ്മെന്റും ദീര്‍ഘവീക്ഷണമില്ലായ്മയും ഇന്നത്തെ പ്രതിസന്ധി ഇരട്ടിയാക്കി. മുന്‍പ് ആവശ്യാനുസരണം കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, സംസ്ഥാനം കനത്ത ക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ തിരികെ നല്‍കേണ്ടി വരുന്നുണ്ട്. കൂടാതെ 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കപ്പെട്ടതും വലിയ തിരിച്ചടിയായി. കാരണം എന്തൊക്കെയായാലും, ഈ കരാര്‍ റദ്ദാക്കല്‍ സംസ്ഥാനത്തെ ഇരുട്ടിലാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇതിനൊപ്പം ഭൂതത്താന്‍കെട്ട്, മണിയാര്‍, രണ്ടാം പെരിങ്ങല്‍ക്കൂത്ത് തുടങ്ങിയ പദ്ധതികളും നിരവധി ചെറുകിട ജലവൈദ്യുത പദ്ധതികളും സാങ്കേതിക-ഭരണപരമായ കുരുക്കുകളില്‍പ്പെട്ട് മുടങ്ങിക്കിടക്കുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
കേരളത്തെ വൈദ്യുതി സ്വാശ്രയത്വത്തിലേക്ക് നയിക്കാനും നിലവിലെ പ്രതിസന്ധി മറികടക്കാനും അടിയന്തരമായി ബഹുമുഖ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. പകല്‍ സമയത്ത് സൗരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികള്‍ മൈലാട്ടി (500 MW), ശ്രീഖണ്ഠപുരം (40 MW), ബ്രഹ്മപുരം (500 MW) എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും റൂഫ്ടോപ്പ് സോളാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും, കമ്മ്യൂണിറ്റി സ്റ്റോറേജ് സംവിധാനങ്ങള്‍ വ്യാപിപ്പിക്കുകയും വേണം. സാങ്കേതിക കുരുക്കുകള്‍ പരിഹരിച്ച് ഭൂതത്താന്‍കെട്ട് ഉള്‍പ്പെടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വേഗത്തില്‍ കമ്മീഷന്‍ ചെയ്യാനും നടപടിയുണ്ടാകണം. കൂടാതെ, അപ്രഖ്യാപിത പവര്‍കട്ടുകള്‍ ഒഴിവാക്കി തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാന്‍ കെഎസ്ഇബി തയ്യാറാവുകയും വേണം.
വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണ ഭീഷണി നിലനില്‍ക്കുമ്പോള്‍, കെഎസ്ഇബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്‍പ്പ് കേരളത്തിന് അത്യാവശ്യമാണ്. എന്നാല്‍ ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും ജനങ്ങളുടെ മേല്‍ ബാധ്യതയാകരുത്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പോരുകള്‍ അവസാനിപ്പിച്ച്, ഉത്പാദനം വര്‍ധിപ്പിക്കാനും ഊര്‍ജ്ജ സംഭരണ ശേഷി കൂട്ടാനുമുള്ള കൃത്യമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കാന്‍ ഒന്നിച്ചുനില്‍ക്കുകയാണ് ഇപ്പോഴത്തെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
