തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ ജനങ്ങൾക്ക് 2,130 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിൽ പിണറായി സർക്കാരും വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചതായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ.
ഈ വിഷയത്തിൽ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനങ്ങൾക്കും ഭരണതല തീരുമാനങ്ങൾക്കുമെതിരെ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
2014-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കുകയായിരുന്നു. ഇതിനെ തുടർന്ന് പുറത്തുനിന്നും പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്നും യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ ബോർഡ് നിർബന്ധിതരായി.
കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവഴി 2,130 കോടി രൂപയിലേറെ അധിക ബാധ്യതയാണുണ്ടായതെന്നും, ഇതിന്റെ സാമ്പത്തിക ഭാരം സർചാർജായും ഉയർന്ന നിരക്കായും സാധാരണക്കാരായ ജനങ്ങളുടെ തലയിലാണ് എത്തുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
