തെന്നിന്ത്യന്‍ സിനിമാലോകത്തെ വിറപ്പിച്ച ഫാഷന്‍ ക്വീന്‍; സില്‍ക്ക് സ്മിത എന്ന 'OG' റിബല്‍ ഐക്കണ്‍!

SEPTEMBER 13, 2026, 1:19 AM

ഇന്നത്തെ ജെന്‍ സി തലമുറയോട് ഫാഷന്‍ ഐക്കണുകളെ കുറിച്ച് ചോദിച്ചാല്‍ അന്താരാഷ്ട്ര മോഡലുകളുടെയോ വിദേശ പോപ്പ് താരങ്ങളുടെയോ പേര് പറഞ്ഞേക്കാം. എന്നാല്‍ സ്വന്തമായി സ്‌റ്റൈലിസ്റ്റുകളോ വന്‍കിട ഡിസൈനര്‍ ടീമോ ഇല്ലാതിരുന്ന 80-കളില്‍, തെന്നിന്ത്യന്‍ സിനിമയുടെ സകല ഫാഷന്‍ സങ്കല്‍പ്പങ്ങളെയും ഒറ്റയ്ക്ക് മാറ്റിമറിച്ച ഒരു അസാധാരണ കലാകാരിയുണ്ട് പേര്, സില്‍ക്ക് സ്മിത!

'സെക്‌സ് സിംബല്‍' എന്ന ഒറ്റ വിലാസത്തില്‍ ഒതുക്കാന്‍ അന്നത്തെ സിനിമ ലോകം ശ്രമിച്ചപ്പോഴും, വസ്ത്രധാരണത്തിലും ലുക്കിലും കാലത്തിന് പതിറ്റാണ്ടുകള്‍ക്ക് മുന്നേ സഞ്ചരിച്ച വിഷനറി ആയിരുന്നു സ്മിത എന്ന് എത്രപേര്‍ക്കറിയാം? പ്രശസ്ത നടി ഉര്‍വശി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സ്മിതയിലുണ്ടായിരുന്ന അപാരമായ കോസ്റ്റ്യൂം സെന്‍സിനെയും അവരുടെ വ്യക്തിത്വത്തെയും കുറിച്ച് വീണ്ടും തുറന്നുപറഞ്ഞത്.

സ്മിതയെ തനിക്ക് ഒരു മൂത്ത സഹോദരിയെപ്പോലെയായിരുന്നുവെന്ന് നടി ഉര്‍വശി ഓര്‍ത്തെടുക്കുന്നു. ആരോടും അധികം സംസാരിക്കാതെ ദൂരെ മാറി ഒറ്റയ്ക്കിരിക്കുന്നതായിരുന്നു അവരുടെ രീതി. അക്കാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നവരെ വേറൊരു കാറ്റഗറിയായാണ് പലരും മാറ്റിനിര്‍ത്തിയിരുന്നത്. അവര്‍ സെറ്റിലേക്ക് വരുമ്പോള്‍ പലരും മറ്റൊരു കണ്ണോടു കൂടിയാണ് നോക്കിയിരുന്നത്. എന്നാല്‍, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കോസ്റ്റ്യൂം സെന്‍സും കളര്‍-മേക്കപ്പ് ബോധവും ഉള്ള ആളായിരുന്നു സ്മിതയെന്ന് ഉര്‍വശി പറയുന്നു. അക്കാലത്ത് എല്ലാവരും ഓവര്‍ മേക്കപ്പ് ഇടുന്ന സമയമായിരുന്നിട്ടും, എന്ത് വസ്ത്രം അണിഞ്ഞാലും സ്മിത ധരിച്ചാല്‍ അതിലൊരു വള്‍ഗാരിറ്റിയും അനുഭവപ്പെട്ടിരുന്നില്ല. തന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യണമെന്ന് സ്മിതയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ഉര്‍വശി വെളിപ്പെടുത്തുന്നു.

കണ്ണീര്‍വഴികളില്‍ നിന്ന് തെന്നിന്ത്യ ഭരിച്ച സാമ്രാജ്യത്തിലേക്ക്!

വിജയലക്ഷ്മി വഡ്ലപതി എന്ന പെണ്‍കുട്ടി സില്‍ക്ക് സ്മിതയായി മാറിയ വഴി ഒട്ടും എളുപ്പമായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പത്താം വയസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന അവര്‍, പതിനാലാം വയസ്സില്‍ വിവാഹിതയായി. എന്നാല്‍ ക്രൂരമായ ഗാര്‍ഹിക പീഡനങ്ങളും സങ്കീര്‍ണ്ണമായ ദാമ്പത്യവുമാണ് അവിടെ അവര്‍ക്ക് നേരിടേണ്ടി വന്നത്. ഒടുവില്‍ ആ വിഷലിപ്തമായ ജീവിതം ഉപേക്ഷിച്ച് അവര്‍ തനിച്ചാണ് ചെന്നൈയിലേക്ക് വണ്ടികയറിയത്.

സിനിമാ സെറ്റുകളില്‍ ടച്ച്-അപ്പ് ഗേള്‍ ആയി ജോലി ചെയ്തു തുടങ്ങിയ സ്മിതയെ, 1979-ല്‍ സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ വണ്ടിചക്രം എന്ന തമിഴ് ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചു. ആ ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രം വന്‍ തരംഗമായി മാറി. അതോടെ വിജയലക്ഷ്മി എന്ന പെണ്‍കുട്ടി ലോകമറിയുന്ന സില്‍ക്ക് സ്മിതയായി മാറി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 450-ലധികം ചിത്രങ്ങളിലാണ് സ്മിത വേഷമിട്ടത്.

മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള മികച്ച പ്രകടനങ്ങള്‍ക്ക് പുറമെ, 80-കളുടെ അവസാനത്തില്‍ മലയാളത്തിലെ സോഫ്റ്റ്-കോര്‍ ചിത്രങ്ങളിലും അവര്‍ നിര്‍ണായക സാന്നിധ്യമായി. സ്മിത സ്‌ക്രീനില്‍ വന്നാല്‍ തിയേറ്ററുകളില്‍ ആവേശം അണപൊട്ടിയൊഴുകി. ഒരു ഐറ്റം ഡാന്‍സോ ഏതാനും രംഗങ്ങളോ ഉണ്ടെങ്കില്‍ ചിത്രം സൂപ്പര്‍ഹിറ്റ് എന്ന സ്ഥിതി വന്നെത്തി. അന്നത്തെ മുന്നണി നായികമാര്‍ക്ക് പോലും സ്വപ്നം കാണാന്‍ കഴിയാത്ത ജനപ്രീതിയും ഉയര്‍ന്ന പ്രതിഫലവുമാണ് സ്മിത സ്വന്തമാക്കിയത്.

ദക്ഷിണേന്ത്യന്‍ സിനിമയിലെ ഫാഷന്‍ റെവല്യൂഷന്‍

സ്വന്തം ലുക്കും വസ്ത്രങ്ങളും സ്വയം തെരഞ്ഞെടുത്ത് ക്രിയേറ്റീവായി പരീക്ഷണം നടത്തിയ ആദ്യകാല നടിമാരില്‍ ഒരാളാണ് സില്‍ക്ക് സ്മിത. മിനി ഡ്രസ്സുകള്‍ക്കൊപ്പം മുട്ടിന് മുകള്‍വരെ നീളുന്ന തൈ-ഹൈ ബൂട്ടുകള്‍ ധരിച്ച് തെന്നിന്ത്യന്‍ സ്‌ക്രീനില്‍ ആദ്യമായി ഫാഷന്‍ തരംഗം സൃഷ്ടിച്ചത് സ്മിതയായിരുന്നു.

ഹൈ-വെയ്സ്റ്റഡ് ഷോര്‍ട്‌സുകള്‍, മെറ്റാലിക് ബോഡിസ്യൂട്ടുകള്‍, പോള്‍ക്ക-ഡോട്ട് സ്‌കേര്‍ട്ടുകള്‍, ഡിസ്‌കോ ലൈറ്റുകളില്‍ തിളങ്ങുന്ന സീക്വിന്‍ ഡ്രസ്സുകള്‍ എന്നിവയൊക്കെ സ്മിതയുടെ സിഗ്‌നേച്ചര്‍ സ്‌റ്റൈലുകളായിരുന്നു. പരമ്പരാഗത വസ്ത്രധാരണത്തിലും സ്മിത വേറിട്ട ഫ്യൂഷന്‍ ശൈലി കൊണ്ടുവന്നു. ബാക്ക്‌ലെസ്സ്, ഹാള്‍ട്ടര്‍-നെക്ക്, ഡീപ്-നെക്ക് ബ്ലൗസുകള്‍ക്കൊപ്പം ജോര്‍ജെറ്റ്-ഷിഫോണ്‍ സാരികള്‍ സ്‌റ്റൈല്‍ ചെയ്ത് ഇലക്ട്രിക് ബ്ലൂ, എമറാള്‍ഡ് ഗ്രീന്‍ തുടങ്ങിയ ബോള്‍ഡ് നിറങ്ങള്‍ അവര്‍ ജനപ്രിയമാക്കി. കവിളുകളിലെ ബോള്‍ഡ് ഹൈലൈറ്റിംഗും വശ്യതയാര്‍ന്ന കണ്ണെഴുത്ത് ശൈലിയും, വലിയ റെട്രോ സണ്‍ഗ്ലാസുകളും വൈഡ് ബെല്‍റ്റുകളും സ്മിതയുടെ ലുക്കിന് വേറിട്ട ഗ്ലാമര്‍ നല്‍കി.

വെള്ളിത്തിരയിലെ തിളക്കവും വ്യക്തിജീവിതത്തിലെ ഇരുട്ടും

ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നെങ്കിലും വ്യക്തിജീവിതത്തില്‍ സ്മിത തികച്ചും ഒറ്റയ്ക്കായിരുന്നു. സ്‌നേഹിച്ചവരും വിശ്വസിച്ചവരും നല്‍കിയ വഞ്ചനകള്‍ അവരെ മാനസികമായി തകിടം മറിച്ചു. ഒപ്പം സ്വന്തമായി സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ചതോടെ ഭീമമായ സാമ്പത്തിക ബാധ്യതയും അവരെ തേടിയെത്തി.

തുടര്‍ച്ചയായ തിരിച്ചടികളും തീവ്രമായ വിഷാദവും ഒടുവില്‍ ആ ദുരന്തത്തിലേക്ക് നയിച്ചു. 1996 സെപ്റ്റംബര്‍ 23-ന്, തന്റെ 35-ാം വയസ്സില്‍ ചെന്നൈയിലെ വസതിയില്‍ സ്മിത സ്വന്തം ജീവിതം അവസാനിപ്പിച്ചു. ഗ്ലാമറിന്റെയും ഫാഷന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സ്വന്തം ജീവിതത്തില്‍ നീതി ലഭിക്കാതെ പോയ സില്‍ക്ക് സ്മിത, തെന്നിന്ത്യന്‍ സിനിമാചരിത്രത്തിലെ തിളക്കമാര്‍ന്നതും എന്നാല്‍ വിങ്ങലുണര്‍ത്തുന്നതുമായ ഒരു അധ്യായമായി ഇന്നും മായാതെ നില്‍ക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam