കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം സെപ്തംബർ 13 (ഞായർ) വെകുന്നേരത്തോടെ കോഴിക്കോടെത്തും.
മർകസ് സെൻട്രൽ ക്യാമ്പസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സ്വീകരണ സംഗമത്തിലും ഗ്രാൻഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും സംബന്ധിക്കും. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ മതരാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും മർകസിൽ നടക്കും.
ശേഷം സൗത്തിന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമിൽ കാന്തപുരത്തിനൊപ്പം അദ്ദേഹം സന്ദർശനം നടത്തും. സെപ്തംബർ 14 (തിങ്കൾ) മാലിദ്വീപ് വഴി അദ്ദേഹം മലേഷ്യയിലേക്ക് മടങ്ങും.
ഇത് രണ്ടാം തവണയാണ് അൻവർ ഇബ്‌റാഹീം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്ര പുരസ്‌കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.
കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.
മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴിൽ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടും കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ പര്യടനവും കേരള സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയിൽ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി മർകസിൽ അതിവിപുലമായ സജ്ജീകരണങ്ങളും അതീവ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, ട്രാഫിക്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പിഡബ്ലിയുഡി, സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് പ്രോട്ടോകോൾ, തദ്ദേശ വകുപ്പ്, ആരോഗ്യ വകുപ്പ്, ഫുഡ് സേ്ര്രഫി, ഫയർ ആൻഡ് റെസ്‌ക്യൂ, നാഷണൽ ഹൈവേ, രഹസ്യാനേഷണ വിഭാഗം ഉൾപ്പെടെ വിവിധ കേന്ദ്രസംസ്ഥാന വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
പ്രധാനമന്ത്രി സംബന്ധിക്കുന്ന പരിപാടിയിലേക്ക് മുൻകൂട്ടി നിശ്ചയിച്ച വിദ്യാർഥികൾക്കും അതിഥികൾക്കും മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
