കൊല്ലം: ചാനൽ ചർച്ചകളിലൂടെ സിപിഐഎമ്മിന്റെ ഇടത് നിലപാടുകൾ അവതരിപ്പിച്ചിരുന്ന അഡ്വ. ബി. എൻ. ഹസ്കർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ആർഎസ്പിയിൽ ചേരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോൺ ചരമവാർഷിക സമ്മേളനത്തിൽ ഹസ്കർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം വേദി പങ്കിടുന്ന അദ്ദേഹം, തുടർന്ന് ആർഎസ്പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കും.
36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിക്കുന്നത്. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ പാർട്ടി അദ്ദേഹത്തെ ശാസിച്ചതാണ് ബന്ധം വേർപിരിയാൻ കാരണമായതെന്ന് സൂചന. സിപിഐഎം ജീർണ്ണതയുടെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒറ്റയ്ക്ക് നിന്ന് രാഷ്ട്രീയമായി മുന്നേറാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ആർഎസ്പിയിലേക്കുള്ള നീക്കമെന്നും ഹസ്കർ വ്യക്തമാക്കി.
തുടർന്ന് വി.ഡി. സതീശനെയും രാഹുൽ ഗാന്ധിയെയും അദ്ദേഹം പ്രശംസിച്ചു. കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നത് വി.ഡി. സതീശനാണെന്നും, രാജ്യതലത്തിൽ ഇടതുപക്ഷത്തിന് പകരമായ രാഷ്ട്രീയം രാഹുൽ ഗാന്ധിയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ഹസ്കർ പറഞ്ഞു.
ഒരു ടെലിവിഷൻ ചർച്ചക്കിടെയാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയ സംഭവത്തെ കുറിച്ച് ഹസ്കർ മുഖ്യമന്ത്രിയെ വിമർശിച്ചത്. ഇതിന് പിന്നാലെ സിപിഐഎം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ വിളിച്ചുവരുത്തിയാണ് പാർട്ടി ശാസനം നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്കറിനെ ശാസിച്ചതെന്നും, സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചതാണെന്നും അറിയിച്ചതായി റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
