തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായി ഉയർത്തണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരരംഗത്ത്. ഇന്ധനവില ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ വർധിച്ച സാഹചര്യത്തിൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് പ്രയാസകരമാണെന്നാണ് തൊഴിലാളികളുടെ നിലപാട്.
ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ചുകൾ നടക്കും.
നിലവിലെ ചാർജ് നിരക്ക് നാലു വർഷം മുമ്പ് നിശ്ചയിച്ചതാണെന്നും അതിനുശേഷം ഇന്ധനവിലയിലും മറ്റ് ചെലവുകളിലും വലിയ വർധനവുണ്ടായിട്ടും നിരക്കിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഓട്ടോ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പഴയ നിരക്കിൽ ഓടുന്നത് സാമ്പത്തികമായി നഷ്ടകരമാണെന്നും അവർ പറയുന്നു.
ഓട്ടോറിക്ഷാ മേഖലയിലെ പ്രതിസന്ധി സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. യാത്രാനിരക്ക് പുതുക്കുന്നതിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതിയും തങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് ചില തൊഴിലാളികൾ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതായും അവർ ആരോപിക്കുന്നു.
ചാർജ് വർധനവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നേരത്തെ നിവേദനം നൽകിയിരുന്നുവെന്നും, അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
