കൊച്ചി: സംഘടനയ്ക്കുള്ളിലെ തർക്കവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങി ‘അമ്മ’ സംഘടന. അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ അപകീർത്തിപ്പെടുത്താനും തകർക്കാനും ശ്രമിച്ചുവെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.
ഈ മാസം 17-നകം വ്യക്തമായ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൻസിബയുടെ പരസ്യ പ്രസ്താവനകൾ സംഘടനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും, പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും നോട്ടീസിൽ പറയുന്നു.
അമ്മ സംഘടനയുടെ ഫെബ്രുവരി 14-ന് നടന്ന കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദമാണ് നിലവിലെ തർക്കങ്ങൾക്ക് കാരണമായത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസറായെത്തിയത്. ഒരു മതസ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോൺസറാകുന്നതിനെ അൻസിബ ഹസൻ ഉൾപ്പെടെ ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എതിർത്തിരുന്നു.
തുടർന്ന് അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളും ജോലിത്തിരക്കുമാണ് രാജിക്കാരണമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് തന്റെ രാജിക്ക് കാരണം നടൻ ടിനി ടോം ആണെന്ന് അൻസിബ വെളിപ്പെടുത്തി.
ടിനി ടോം തന്നെ മതവാദിയെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും, താൻ ആളുകളെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചു. താൻ ആരോടു സംസാരിച്ചാലും അതിനെ ചുറ്റിപ്പറ്റി വ്യാജ കഥകൾ സൃഷ്ടിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ഇതിനുപുറമെ, തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അൻസിബ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ തുടർനടപടികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങൾ ഉയർന്നപ്പോൾ വിശദീകരണത്തിനും ചർച്ചകൾക്കുമായി പലതവണ വിളിച്ചിട്ടും അൻസിബ ഹാജരായില്ലെന്നാണ് ‘അമ്മ’യുടെ നിലപാട്. സംഘടനയ്ക്കുള്ളിൽ പരിഹരിക്കേണ്ട വിഷയങ്ങൾ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും സംഘടനയുടെ ചട്ടങ്ങൾ തുടർച്ചയായി ലംഘിക്കുകയും ചെയ്തുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ ഹസന് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് സംഘടനാ വൃത്തങ്ങൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
