വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് 

OCTOBER 6, 2025, 7:18 AM

 തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ  താൽക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയർ ഇന്ത്യ എക്സ് പ്രസ് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.  

2025 ഒക്ടോബർ അവസാനം മുതൽ മാർച്ച് 26 വരെ നീണ്ടു നിൽക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ് പ്രസ് കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയർ ഇന്ത്യ അധികൃതരുടെ പ്രതികരണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി. അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിൻറെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നു. 

ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങൾ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവത്തതാണ്. ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണുർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി എടുക്കാതിരിക്കാൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചനാ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

vachakam
vachakam
vachakam

ശൈത്യകാലങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സർവ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവ്വീസുകളുടെ എണ്ണം 245 ആയും വർധിപ്പിക്കും. ഇതോടെ ശൈത്യകാലത്തിൽ വരുത്തിയ കുറവ് പരിഹരിക്കപ്പെടും. ഫുജൈറ, മെദീന, മാലി, സംഗപൂർ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സർവ്വീസുകൾ തുടങ്ങും. ബംഗ്ളുരൂ വഴിയോ സിംഗപൂർ വഴിയോ ആസ്ട്രേലിയ - ജപ്പാൻ സർവ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ഓണം, ക്രസ്തുമസ്, പുതുവർഷം തുടങ്ങിയ സീസണുകളിൽ അധിക വിമാനങ്ങൾ ഗൾഫ് മേഖലയിൽ സർവ്വീസ് നടത്താൻ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡൽഹിക്കും ഇടയിൽ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും. തിരുവനന്തപുരം - ദുബായ് പോലുള്ള സെക്ടറുകളിൽ കുറവ് വരുത്തിയ വിമാനങ്ങൾ ഈ സീസണിൽ തന്നെ മടക്കിക്കൊണ്ടു വരുമെന്നും അധികൃതർ വ്യക്തമാക്കി.  തിരുവനന്തപുരം, കണ്ണൂർ എയർപോർട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എയർപോർട്ട് അധികാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. കണ്ണൂർ വിമാനത്താവള അധികൃതരുമായി വിശദമായ ചർച്ച നാളെ കൊച്ചിയിൽ നടക്കും. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാനേജ്മെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. 

യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ , എയർ ഇന്ത്യ എക്സ് പ്രസ് ചെയർമാൻ നിപുൻ അഗർവൾ, എം ഡി അലോക് സിങ്ങ്, വൈസ് പ്രസിഡൻറ് അഭിഷേക് ഗാർഗ്, അസോസിയേറ്റ് വൈസ് പ്രസിഡൻറ് പി ജി പ്രഗീഷ്   തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam