കൊല്ലം: പിതൃസഹോദരനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കേരളപുരം മുണ്ടൻചിറ മാടൻകാവ് പ്രദേശത്ത് ജിതേഷ് ഭവനിൽ സജീവ്–ഷീല ദമ്പതികളുടെ മകൻ സജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരു പ്രതിയെയും പൊലീസ് അന്വേഷിച്ചുവരികയാണ് എന്നാണ് ലഭിക്കുന്ന വിവരം.
നെടുമ്പന ആയുർവേദ ആശുപത്രി പരിസരത്തെയും ഇടപ്പനയം പ്രദേശത്തെയും സ്വദേശികളായ അനന്തു ആനന്ദൻ (29), പ്രസാദ് (46), സുനിൽരാജ് (38), ഷൈജു (40), ബൈജു (42), അതുൽ രാമചന്ദ്രൻ (27), അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
സജിത്തിന്റെ അച്ഛന്റെ സഹോദരനായ പവിത്രനും അയൽവാസിയായ ഷൈജുവും തമ്മിൽ തർക്കമുണ്ടായ വിവരം അറിഞ്ഞതിനെ തുടർന്നാണ് സജിത്ത്, സഹോദരൻ സുജിത്ത്, അയൽവാസി അശ്വിൻ എന്നിവരോടൊപ്പം കേരളപുരത്തെ പവിത്രന്റെ വീട്ടിലെത്തിയത്. പിന്നീട് തർക്കം വഷളായതോടെ പവിത്രൻ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച് മടങ്ങിയിരുന്നു.
പൊലീസ് നിർദേശപ്രകാരം സജിത്തും സംഘവും മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വടക്കടത്ത് ഏല ചങ്ങാതി മുക്ക് റോഡിൽവച്ച് പ്രതികൾ ആക്രമണം നടത്തിയത്. വെട്ടിയും കുത്തിയുമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ വിളിച്ചുവരുത്തിയതിലുള്ള വിരോധമാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ സജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും അക്രമിസംഘം അനുവദിച്ചില്ലെന്നാണ് ആരോപണം. പിന്നീട് കണ്ണനല്ലൂർ പൊലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും സജിത്ത് മരണപ്പെട്ടിരുന്നു. സംഘർഷത്തിൽ സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്കും പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെൽഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം രണ്ടുമാസം മുൻപായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
