അതിരപ്പിള്ളി: കാട്ടാനയാക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി പുല്ലാര്‍ക്കാട്ട് മോഹനന്‍ (62) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെറ്റിലപ്പാറയിലെ ജനവാസമേഖലയിലായിരുന്നു സംഭവം.
മോഹനന്റെ വീടിന്റെ തൊട്ടടുത്ത് വരെയെത്തിയ കാട്ടാനയെ ഒച്ചവെച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീടിന് സമീപം വലിയ ശബ്ദം കേട്ടുണര്‍ന്ന മോഹനന്‍ ആനയെ തുരത്താന്‍ മുന്‍പിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പ്രകോപിതനായ കാട്ടാന ഇദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
തുടര്‍ച്ചയായി ജനവാസ മേഖലകളില്‍ കാട്ടാനയിറങ്ങുന്ന വെറ്റിലപ്പാറ, പിള്ളപ്പാറ പ്രദേശങ്ങളില്‍ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പിന് കഴിയുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണവും ആര്‍.ആര്‍.ടി പട്രോളിംഗും ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
