തൃശൂര്‍: മുഴുപ്പട്ടിണിയില്‍ കഴിഞ്ഞ നാല് സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം സാമൂഹിക നീതിവകുപ്പ് അറിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള 20 കാരിയും 18 വയസുള്ള സഹോദരിയും അഞ്ച് വര്‍ഷമായി പലരില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ നേരിടുകയായിരുന്നുവെന്നാണ് കൗണ്‍സലര്‍മാരോട് വെളിപ്പെടുത്തിയത്. പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും മറ്റൊരു സഹോദരിയുമാണെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.
അമ്മയുടെ ആണ്‍ സുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭര്‍ത്താവുമാണ് കുട്ടികളെ ഏറെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖില്‍ എന്ന മറ്റൊരു വ്യക്തിയെ പോക്‌സോ- ബലാത്സംഗ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് നാല് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് അമ്മ വിവാഹിതയായ മൂത്ത മകളോടൊപ്പം പോയി. അച്ഛന്‍ വീട്ടില്‍ വരാതായി. പറക്കമുറ്റാത്ത രണ്ട് ആണ്‍മക്കളേയും രണ്ടു പെണ്‍മക്കളേയും വളര്‍ത്താനായി മുത്തശ്ശി വീട്ടുപണി ചെയ്ത് പണം കണ്ടെത്തി. പണമില്ലാത്തതിനാല്‍ ഇളയ മകള്‍ എട്ടില്‍ പഠനം നിര്‍ത്തി. മാനസികാസ്വാസ്ഥ്യമുള്ള മകളും രണ്ട് ആണ്‍കുട്ടികളും സ്‌കൂളില്‍ പോയിട്ടില്ല.
മുത്തശി മസ്തിഷ്‌കാഘാതം വന്ന് കിടപ്പിലായതോടെ തൃശൂര്‍ നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ അനാഥാലയത്തിലാക്കി. അതോടെ നാലു കുട്ടികളും ഒറ്റപ്പെട്ടു. ഇതിനിടെ മഴയില്‍ വീട് ഇടിഞ്ഞുവീണു. നാട്ടുകാര്‍ ഇക്കാര്യം സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. സാമൂഹികനീതി വകുപ്പ് നാലു കുട്ടികളേയും ആശ്രയ കേന്ദ്രത്തിലാക്കി. അവിടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇളയ പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള 20 കാരിക്ക് മൊഴി നല്‍കാനാകില്ല. 20 കാരിയാണ് ഏറ്റവുമധികം പീഡനം സഹിക്കേണ്ടി വന്നതെന്നാണ് അനിയത്തിയുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്