മുംബൈ: പൂനെ സ്വദേശി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ മുഖ്യപ്രതി സിയ ഗോയലിന്റെ മൊബൈൽഫോണിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തു. കാമുകനായ ചേതൻ ചൗധരിയുമായുള്ള കോഡ് ഭാഷയിലുള്ള സംഭാഷണങ്ങളും സുഹൃത്തിനയച്ച സ്നാപ്ചാറ്റ് സന്ദേശങ്ങളുമാണ് അന്വേഷണത്തിൽ ശ്രദ്ധേയമായത്.
സിയയും ചേതനും പല കാര്യങ്ങളും പ്രത്യേക കോഡ് ഭാഷയിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ആശയവിനിമയം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിയയുടെ രണ്ടാമത്തെ മൊബൈൽഫോണിലാണ് ഈ സംഭാഷണങ്ങൾ കണ്ടെത്തിയത്. ഇവയുടെ പൂർണ അർഥം മനസ്സിലാക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
ഇതിനിടെ, സിയ ഒരു സുഹൃത്തുമായി നടത്തിയ സ്നാപ്ചാറ്റ് സന്ദേശങ്ങളും പുറത്തുവന്നു. സുഹൃത്തിന്റെ ഫോണിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"ഒരിക്കലും നടക്കാൻ പോകാത്ത വിവാഹത്തിനായി വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ നിന്റെ ആധാർ കാർഡ് അയച്ചുതരൂ" എന്ന സന്ദേശമാണ് അന്വേഷണത്തിൽ പ്രധാന തെളിവായി പരിഗണിക്കുന്നത്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെയും, കൃത്യത്തിന് ശേഷം സംശയം ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളുടെയും സൂചനയാണ് ഈ സന്ദേശങ്ങളെന്ന് പൊലീസ് വിലയിരുത്തുന്നു. വിവാഹ ഒരുക്കങ്ങളിൽ സജീവമായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് സുഹൃത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ സിയ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
പ്രതിശ്രുത വരനും പൂനെ സ്വദേശിയായ വ്യവസായിയുമായ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും നിലവിൽ അറസ്റ്റിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
