അഹമ്മദാബാദ്: അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പടാന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പടാന്‍ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പിങ്കി ബെന്‍ പട്ണി (35) ആണ് അയല്‍വാസിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്.
ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ പിങ്കി, കുട്ടികളുടെ പഠനത്തിനും കുടുംബച്ചെലവുകള്‍ക്കുമായാണ് ഒരു മാസം മുന്‍പ് അയല്‍വാസിയായ ബാബുഭായ് റാവലില്‍ നിന്ന് 5,000 രൂപ വായ്പയെടുത്തത്. എന്നാല്‍, തുക തിരിച്ചടയ്ക്കാന്‍ വൈകിയതോടെ ബാബുഭായ് വന്‍ തുക പലിശയാവശ്യപ്പെട്ട് ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
തര്‍ക്കം സംസാരിച്ചു തീര്‍ക്കാമെന്നു പറഞ്ഞ് സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിനടുത്തേക്ക് ബാബുഭായ് പിങ്കിയെ വിളിച്ചുവരുത്തുകയായിരുന്നു. പണം തിരിച്ചടയ്ക്കാന്‍ രണ്ട് ദിവസത്തെ സാവകാശം കൂടി വേണമെന്ന് പിങ്കി കണ്ണീരോടെ അപേക്ഷിച്ചെങ്കിലും ബാബുഭായ് വഴങ്ങിയില്ല. തുടര്‍ന്ന്, ചായ എടുത്തു വരാമെന്ന് പറഞ്ഞ് അവിടെനിന്നും പോയ ഇയാള്‍ പെട്രോള്‍ അടങ്ങിയ കുപ്പിയുമായാണ് തിരിച്ചെത്തിയത്. നിമിഷങ്ങള്‍ക്കകം പിങ്കിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പിങ്കിയെ ഉടന്‍ തന്നെ ധാര്‍പൂര്‍ സിവില്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീകൊളുത്തുന്നതിനിടയില്‍ പ്രതി ബാബുഭായിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
