പത്ത് ദിവസത്തിനിടെ മൂന്ന് വര്‍ധന; ഇന്ധന വില കുതിക്കുമ്പോള്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്രം

MAY 23, 2026, 6:06 AM

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ-നികുതി തര്‍ക്കം മുറുകുന്നു. മെയ് മാസത്തില്‍ പത്ത് ദിവസത്തിനിടെ മൂന്നാമതും വില കൂട്ടിയതിന് പിന്നാലെ, ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ക്ക് കാരണം ചില സംസ്ഥാനങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന വാറ്റ് നികുതിയാണെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം, ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) ആണ് അവിടെ വില 112 രൂപ കടന്നുനില്‍ക്കാന്‍ പ്രധാന കാരണം. പ്രതിപക്ഷ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാറ്റ് നിരക്ക് 31 ശതമാനത്തിനടുത്താണ്. ഇതിന് പുറമെ പ്രത്യേക സെസുകളും ഈടാക്കുന്നുണ്ട്.

ബിജെപി ഭരണസംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗോവ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും താരതമ്യേന കുറഞ്ഞ നികുതി ഘടനയായതിനാല്‍ പെട്രോള്‍ വില 100 രൂപയില്‍ താഴെ (ഏകദേശം 95 - 99 രൂപ) നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി രാജ്യത്തുടനീളം ഒരേ നിരക്കിലാണെന്നും സംസ്ഥാനങ്ങളുടെ പ്രാദേശിക നികുതികളാണ് വില വ്യത്യാസത്തിന് കാരണമെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വ്യതിയാനത്തിന്റെ യഥാര്‍ത്ഥ ഭാരം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, ഇന്ധന ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാകാതെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് വിചിത്രവാദമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

രാജ്യത്ത് ഇന്ധനവിലയും സിഎന്‍ജി നിരക്കും വീണ്ടും കുത്തനെ കൂട്ടിയിരിക്കുകയാണ്. മെയ് 15-ന് പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായുള്ള ഈ വിലക്കയറ്റം. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം രാജ്യത്ത് ഇന്ധനവിലയില്‍ ലിറ്ററിന് അഞ്ച് രൂപയോളമാണ് ഒടുവില്‍ വര്‍ദ്ധിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന കടുത്ത ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണ തടസങ്ങളുമാണ് രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവ് സമീപ മാസങ്ങളില്‍ ബാരലിന് 113-114 ഡോളറിലേക്ക് ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം കുറയ്ക്കുന്നതിനാണ് ഈ വിലവര്‍ധനവെന്നാണ് ഔദ്യോഗിക വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam