ബംഗളൂരു: ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന മിഷന്‍ ദൃഷ്ടി ഉപഗ്രഹം സൗരക്കൊടുങ്കാറ്റില്‍ പെട്ട് പ്രവര്‍ത്തനരഹിതമായി. ബംഗളൂരു ആസ്ഥാനമായുള്ള സ്‌പേസ്ടെക് സ്റ്റാര്‍ട്ടപ്പായ ഗാലക്സ് ഐ നിര്‍മ്മിച്ച ഈ ഉപഗ്രഹവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായും ഇത് തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മെയ് മൂന്നിന് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് 190 കിലോ ഭാരമുള്ള ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഭ്രമണപഥത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി എത്തിയ ജിയോമാഗ്‌നറ്റിക് സൗരക്കൊടുങ്കാറ്റ് ഉപഗ്രഹത്തിന് വില്ലനായത്. സൗരക്കാറ്റില്‍ നിന്നുണ്ടായ കടുത്ത വികിരണങ്ങള്‍ ഉപഗ്രഹത്തിലെ അതീവ നിര്‍ണായകമായ ഒരു നിയന്ത്രണ സംവിധാനത്തെ ബാധിച്ചതാണ് തകരാറിന് കാരണം. രാപ്പകല്‍ ഭേദമന്യേ, മേഘാവൃതമായ ആകാശമുള്ളപ്പോഴും ഭൂമിയുടെ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഒപ്‌റ്റോസാര്‍ ഉപഗ്രഹമായിരുന്നു ദൃഷ്ടി.
എങ്കിലും ഈ ദൗത്യം പൂര്‍ണ്ണ പരാജയമല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വിക്ഷേപണത്തിന് ശേഷം ഏതാനും ആഴ്ചകള്‍ ഉപഗ്രഹം സജീവമായിരുന്ന സമയത്ത് അതിന്റെ പ്രധാന സംവിധാനങ്ങളായ ദിശാ നിയന്ത്രണം, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ കൃത്യമായി പ്രവര്‍ത്തിപ്പിച്ചു കാണിച്ച് തങ്ങളുടെ സാങ്കേതിക ശേഷി തെളിയിക്കാന്‍ സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞു. ഈ അനുഭവത്തില്‍ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങള്‍ മുന്‍നിര്‍ത്തി, അടുത്ത 24 മാസത്തിനുള്ളില്‍ കൂടുതല്‍ അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് പുതിയ ഒപ്‌റ്റോസാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐ.ഐ.ടി മദ്രാസിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ഈ കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
