ഡൽഹി: ആധാർ കാർഡ് പൗരത്വത്തിന്റെയോ സ്ഥിരതാമസത്തിന്റെയോ തെളിവായി ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാർ, എല്ലാ സംസ്ഥാന സർക്കാരുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തിൽ നിലപാട് അറിയിക്കാൻ ബന്ധപ്പെട്ടവർക്കെല്ലാം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആധാർ കാർഡ് ഒരു തിരിച്ചറിയൽ രേഖയായി മാത്രം പരിഗണിക്കണമെന്നും, പൗരത്വം, താമസസ്ഥലം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖയായി ഉപയോഗിക്കുന്നത് തടയാൻ വ്യക്തമായ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നിലവിൽ സ്കൂൾ പ്രവേശനം, റേഷൻ കാർഡ് വിതരണം, വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ആധാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഉപയോഗം അനധികൃത കുടിയേറ്റക്കാർക്ക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ആധാർ കാർഡ് പൗരത്വത്തിന്റെയോ താമസാവകാശത്തിന്റെയോ തെളിവല്ലെന്ന് യു.ഐ.ഡി.എ.ഐ (UIDAI) നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥ രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.
വിഷയത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുടെ വിശദീകരണം ലഭിച്ച ശേഷമാകും സുപ്രീം കോടതി തുടർ നടപടികളിലേക്ക് കടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
