നീറ്റ് ക്രമക്കേട്: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

JULY 23, 2026, 8:03 PM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ അപാകതകള്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിവന്ന 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് പാനീയം നല്‍കി സമരം ഒത്തുതീര്‍പ്പാക്കിയത്. ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ഉന്നതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ ആശുപത്രിയിലെത്തി വാങ്ചുക്കിനെ സന്ദര്‍ശിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്. ദീര്‍ഘനേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് താന്‍ നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സോനം വാങ്ചുക്ക് വെളിപ്പെടുത്തി. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ പൊതുസമാധാനം തകരാന്‍ ഇടയുണ്ടെന്ന ആശങ്കയുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പോരാട്ടങ്ങളില്‍ എപ്പോഴും ഒപ്പം നിന്ന ഭാര്യയോടും തന്നെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത 65 പാര്‍ലമെന്റ് അംഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തങ്ങളുടേത് അഹിംസയിലൂന്നിയ സമാധാനപരമായ പ്രക്ഷോഭമാണെന്നും അനുയായികള്‍ യാതൊരു കാരണവശാലും അക്രമ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികളും കനത്ത ശിക്ഷാ നടപടികളും ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട ബില്‍ പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സെക്രട്ടറി തലത്തിലടക്കം വലിയ രീതിയിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ച് കഴിഞ്ഞു.

ജൂണ്‍ 28 ന് ജന്തര്‍ മന്തറില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നാണ് വാങ്ചുക്ക് ഉപവാസം ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ട നിരാഹാരത്തിനിടയില്‍ അദ്ദേഹത്തിന് 11 കിലോയോളം ഭാരം കുറഞ്ഞതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും സമരത്തിന് നേതൃത്വം നല്‍കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam