കൊല്‍ക്കത്ത: കലാപബാധിതമായ മൂര്‍ഷിദാബാദിലെ സ്ഥിതിഗതികള്‍ വിചിത്രവും ക്രൂരവുമാണെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. ജില്ലയിലെ കലാപ ബാധിതരെ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.
ഈ മാസം ആദ്യം വഖഫ് നിയമത്തെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട അക്രമത്തിനിടെ ജനക്കൂട്ടം കൊലപ്പെടുത്തിയ രണ്ടു പേരുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും കേന്ദ്ര സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് പറയുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അക്രമബാധിത അതിര്‍ത്തി ജില്ല സന്ദര്‍ശിച്ചതെന്ന് ആനന്ദ ബോസ് പറഞ്ഞു.
'പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അതിനാല്‍, ഞാന്‍ മുര്‍ഷിദാബാദിലേക്ക് എത്തി. ഞാന്‍ കണ്ടത് വിചിത്രമായിരുന്നു. അത് ക്രൂരമായിരുന്നു. മനുഷ്യ സ്വഭാവത്തിന്റെ വൃത്തികെട്ട അധഃപതനം,' ബോസ് പറഞ്ഞു.
'തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങള്‍ പതിവായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് പതിവായിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം മറ്റൊന്നിന് മേല്‍ ബലപ്രയോഗം നടത്താന്‍ ശ്രമിക്കുന്നു. ഭരണ വ്യവസ്ഥിതിയില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു,' അദ്ദേഹം പറഞ്ഞു.
പ്രദേശവാസികള്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവയ്ക്കുമെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ശനിയാഴ്ച ഗവര്‍ണര്‍ മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ച്, ധുലിയന്‍, സുതി, ജംഗിപൂര്‍ എന്നിവിടങ്ങളില്‍ പോയി. സന്ദര്‍ശന വേളയില്‍, അക്രമത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി നാട്ടുകാര്‍ പ്രദേശത്ത് സ്ഥിരമായ ഒരു ബിഎസ്എഫ് ക്യാമ്പ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാനറുകള്‍ ഉയര്‍ത്തി.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദിലും സൗത്ത് 24 പര്‍ഗാനാസിലും നിരവധി പ്രദേശങ്ങളെ പിടിച്ചുലച്ച അക്രമത്തില്‍ മൂന്ന് പേരാണ് മരിച്ചത്. അക്രമത്തില്‍ നിരവധി ഹിന്ദുക്കളുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്