ബംഗളൂരു: കേരളത്തിനും തമിഴ്‌നാടിനും എതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോര്‍ത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലാജെ. മാര്‍ച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയാണെന്നും കേരളത്തില്‍ നിന്ന് എത്തിയവര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നുമായിരുന്നു ശോഭയുടെ പരാമര്‍ശം.
ബംഗളുരു നഗരത്തിലെ സിദ്ധന ലേ ഔട്ടിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ശോഭ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പാരമര്‍ശം.
തമിഴ്‌നാട്ടിലുള്ളവര്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ നടത്തുകയാണ്. രമേശ്വരം കഫേ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരന്‍ തമിഴ്‌നാട് സ്വദേശിയാണെന്നും ശോഭ പറഞ്ഞു. 'ഒരാള്‍ തമിഴ്നാട്ടില്‍ നിന്നു വന്ന് ഒരു കഫേയില്‍ ബോംബ് വെച്ചു. ഡല്‍ഹിയില്‍ നിന്നു മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. കേരളത്തില്‍ നിന്നു മറ്റൊരാള്‍ വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ ആസിഡ് ഒഴിച്ചു' -ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ പരാമര്‍ശം നടത്തിയ ശോഭക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
കഫേ സ്‌ഫോടനത്തില്‍ നിലവില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതുവരെ അന്വേഷണ സംഘം മുഖ്യപ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഉടന്‍ പിടികൂടാനാകുമെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
അന്വേഷണ സംഘം പോലും പ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് സ്‌ഫോനത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് ബി.ജെ.പി നേതാവ് പറയുന്നത്. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഒന്നുകില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കില്‍ സ്‌ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്