സ്‌കൂള്‍ പുസ്തക വിവാദം: കശ്മീരില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍; 'അക്കാദമിക് ജിഹാദ്' എന്ന് ബിജെപി

JULY 4, 2026, 1:10 PM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികളില്‍ ഭീകരരെയും വിഘടനവാദികളെയും പുകഴ്ത്തുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി ഭരണകൂടം. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. വിവാദ പുസ്തകങ്ങളുടെ രചയിതാക്കളെയും പ്രസാധകരെയും കരിമ്പട്ടികയില്‍ പെടുത്താനും ജമ്മു കശ്മീരിലുടനീളം ഇവരുടെ പുസ്തകങ്ങള്‍ നിരോധിക്കാനും ഉത്തരവായിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള അക്കാദമിക് ജിഹാദ് ആണ് നടക്കുന്നതെന്നും ബിജെപി ആരോപിച്ചു. പേഴ്സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്സ് ഓഫ് ജെ ആന്‍ഡ് കെ, ഗ്രേറ്റ് പേഴ്സണാലിറ്റീസ് ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍ എന്നീ രണ്ട് പുസ്തകങ്ങളാണ് നിലവില്‍ വിവാദത്തിലായിരിക്കുന്നത്. ഈ പുസ്തകങ്ങളില്‍ കശ്മീര്‍ താഴ്‌വരയെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും അടയാളപ്പെടുത്തിയതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. നിരോധിത സംഘടനയായ ജെകെഎല്‍എഫ് സ്ഥാപകന്‍ മക്ബൂല്‍ ഭട്ടിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും, സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം തുടങ്ങിയ വിഘടനവാദി നേതാക്കളെയും കല്ലേറ് നടത്തുന്നവരെയും രാജ്യത്തിന്റെ വീരപുത്രന്മാരായി ചിത്രീകരിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പ്രശംസിക്കുന്ന ഭാഗങ്ങളും പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താണ് ഈ പുസ്തകങ്ങള്‍ ജമ്മു, ബാരാമുള്ള, രാംബന്‍, ഉദ്ദംപൂര്‍ തുടങ്ങിയ ജില്ലകളിലെ നൂറിലധികം സ്‌കൂളുകളില്‍ വിതരണം ചെയ്തത്. സ്‌കൂള്‍ കുട്ടികളുടെ ചിന്തകളെ രാജ്യത്തിനെതിരെ തിരിക്കാനും വിഘടനവാദ ആശയങ്ങള്‍ കുത്തിവെക്കാനും ബോധപൂര്‍വ്വം നടത്തിയ നീക്കമാണിതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി സക്കീന ഇത്തൂവിനെ ഉടന്‍ പുറത്താക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം കനത്തതോടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് നേരിട്ട് ഇടപെടുകയായിരുന്നു. പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്ത സബ് കമ്മിറ്റി അംഗങ്ങള്‍ക്കും സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ക്കും ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമഗ്ര ശിക്ഷ കോര്‍ഡിനേറ്റര്‍ ഫയല്‍ ഇമ്രാന്‍ സിദ്ദിഖി അടക്കം എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തത്.

കൂടാതെ ഒരു കരാര്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഈ പുസ്തകങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചതായും വിതരണത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് വകുപ്പുതല അന്വേഷണം വേഗത്തിലാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam