മൈസൂരു: തലമുറകളെ സംഗീതത്തിന്റെ പാലാഴിയിലേക്ക് ക്ഷണിച്ച ദക്ഷിണേന്ത്യയുടെ പ്രിയ ഗായിക എസ്. ജാനകി ഇനി മായാത്ത ഓര്‍മ. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സ്വന്തം ഫാം ഹൗസില്‍ തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നത് ഗായികയുടെ ആഗ്രഹമായിരുന്നു. ചെറുമകള്‍ അപ്‌സര വൈദ്യുലയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ഞായറാഴ്ച രാത്രി 7:30 ഓടെയായിരുന്നു ഗായികയുടെ അന്ത്യം സംഭവിച്ചത്. മൈസൂരുവിലെ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏകമകനും നര്‍ത്തകനുമായ മുരളീകൃഷ്ണ കഴിഞ്ഞ ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായിരുന്നു. തുടര്‍ന്ന് ചെറുമകള്‍ അപ്‌സര വൈദ്യുലയ്‌ക്കൊപ്പമായിരുന്നു ജാനകിയമ്മ താമസിച്ചിരുന്നത്.
സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് മൈതാനത്തേക്ക് ഒഴുകിയെത്തിയത്.
വൈകിട്ട് നാലരയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച ശേഷമാണ് ഭൗതികദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് വിലാപയാത്രയായി എത്തിച്ചത്. അവിടെയും നൂറുകണക്കിന് ആരാധകരും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ചു. സംഗീത ലോകത്ത് തന്റേതായ സ്വരമാധുരിയാല്‍ ആധിപത്യം പുലര്‍ത്തിയ ഗായികയ്ക്ക് സങ്കടക്കടലോടെയാണ് നാട് വിടചൊല്ലിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
