ന്യൂഡല്‍ഹി: പ്രവാസികളുടെ പാസ്പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ആഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ സാധാരണ അപേക്ഷകരേക്കാള്‍ 330 മുതല്‍ 359 ശതമാനം വരെ അധിക തുകയാണ് വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് ഫീസായി ഈടാക്കുന്നത്. ഇതിനുപുറമേ വിദേശത്തെ കേന്ദ്രങ്ങളില്‍ നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള അധിക സാമ്പത്തിക ബാധ്യതകളും പ്രവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി ഒരു ഔദ്യോഗിക നിവേദനമായി പരിഗണിച്ച്, വിഷയത്തില്‍ നിയമാനുസൃതമായ തീരുമാനം കൈക്കൊള്ളാനും ആ വിവരം ഹര്‍ജിക്കാരെ നേരിട്ട് അറിയിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശത്ത് കഴിയുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഈ ഉത്തരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം പാസ്പോര്‍ട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമല്ല, മറിച്ച് വിദേശത്ത് നിയമപരമായി താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിസ പുതുക്കുന്നതിനുമുള്ള അടിസ്ഥാന രേഖയാണ്. അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും, കൃത്യമായ സമയപരിധിക്കുള്ളില്‍ തന്നെ വിഷയം പരിശോധിക്കണമെന്നുമുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്.
വിദേശത്തുള്ള അപേക്ഷകരുടെ പാസ്പോര്‍ട്ട് ഫീസ് യുക്തിസഹമായി പുനക്രമീകരിക്കുക, കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഫീസില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കുക, നിര്‍ബന്ധിത ഔട്ട്‌സോഴ്‌സിങ് സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുകയോ പുനപരിശോധിക്കുകയോ ചെയ്യുക, നിലവില്‍ ഫീസ് വര്‍ധിപ്പിച്ചതിന്റെ ചെലവ് കണക്കുകള്‍ പരസ്യപ്പെടുത്തുക എന്നിവയാണ് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.
അഡ്വക്കേറ്റ് ജോസ് എബ്രഹാം ഗ്ലോബല്‍ ചെയര്‍മാനായ പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലവും പ്രവാസി സൗഹൃദപരവുമായ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
