നീറ്റ് പരീക്ഷാ ചോര്‍ച്ച: വീഴ്ച തുറന്ന് പറഞ്ഞ് എന്‍ടിഎ; പുനപരീക്ഷയ്ക്ക് പുതിയ രജിസ്‌ട്രേഷനും ഫീസും വേണ്ട

MAY 21, 2026, 7:16 AM

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക നീക്കങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ നടത്തിപ്പില്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എന്‍ടിഎ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ സമ്മതിച്ചു. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനാണ് ശ്രമിച്ചതെങ്കിലും പിഴവുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് എന്‍ടിഎയുടെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍.

എന്‍ടിഎ ഡയറക്ടര്‍, ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന ഉന്നതതല സംഘത്തെയാണ് സമിതി വിളിച്ചുവരുത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഏജന്‍സി വീഴ്ച സമ്മതിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി എന്‍ടിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുനപരീക്ഷ ജൂണ്‍ 21 ന് നടത്തും. വിദ്യാര്‍ത്ഥികള്‍ വീണ്ടും പുതിയ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. പുനപരീക്ഷയ്ക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. റദ്ദാക്കിയ പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ നേരത്തെ അടച്ച പരീക്ഷാ ഫീസ് തിരികെ നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു.

പരീക്ഷ നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച ക്രമക്കേടുകള്‍ പുറത്തുവന്നത്. രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ 410 ചോദ്യങ്ങളടങ്ങിയ ഒരു 'ഗെസ് പേപ്പര്‍' വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി (100% മാച്ച്) വന്നതായി രാജസ്ഥാന്‍ എഡിജിപി വിശാല്‍ ബന്‍സാല്‍ സ്ഥിരീകരിച്ചു.

സിബിഐ അന്വേഷണം നാസിക്കിലേക്ക്

പൊലീസ് അന്വേഷണത്തിന് പുറമെ എന്‍ടിഎ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കാനും പുനപരീക്ഷ നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കേസിന്റെ അന്വേഷണം പൂര്‍ണ്ണമായി സിബിഐ ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam