രാജമുണ്ട്റി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്റിയില്‍ മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ച കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. രാജമുണ്ട്റിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോ. കനികെ പ്രിയങ്ക (28) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് മൂന്നിന് നഗരത്തിലെ ഒരു മാളിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയ്ക്ക് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാളിലെ സുരക്ഷാ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം അമിതവേഗതയില്‍ മടങ്ങിയ രണ്ടു യുവാക്കള്‍ സഞ്ചരിച്ച കാര്‍, പ്രിയങ്ക സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. അപകടസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
പ്രിയങ്കയ്‌ക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടന്‍ പ്രിയങ്കയെ രാജമുണ്ട്റിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അപകടമുണ്ടാക്കിയ ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന സുരാവരപു ദുഷ്യന്ത്, ആന്‍ഡ്രൂ ജോസഫ് എഡ്വേര്‍ഡസ് എന്നിവര്‍ വാഹനം ഉപപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇരുവരെയും തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേല്‍പ്പിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ പ്രിയങ്കയുടെ മരണത്തോടെ പ്രതികള്‍ക്കെതിരെ നരഹത്യ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥികളും വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
