ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വിലയില്ലാത്ത അവസ്ഥ; തൊഴിലില്ലായ്മയിലും വിദ്യാഭ്യാസ പ്രതിസന്ധിയിലും കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

AUGUST 8, 2026, 8:38 PM

പ്രയാഗ്‌രാജ്: രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും തകര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലും കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ വിദ്യാര്‍ഥികളും മത്സരപരീക്ഷാര്‍ഥികളുമായി സംഘടിപ്പിച്ച ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇന്ത്യയില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നേടുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവുമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അത് യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴില്‍ മേഖലയിലെ സര്‍വ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ്, ചോദ്യപേപ്പര്‍ ചോര്‍ച്ചയും അത് വന്‍തുക നല്‍കി സമ്പന്നര്‍ വാങ്ങുന്നതും പതിവുസംഭവമായി മാറിയെന്ന് ആരോപിച്ചു.

രാജ്യത്തെ 40 കോടിയോളം വരുന്ന യുവാക്കളുടെ വേദന, ഡാറ്റ, സമ്പത്ത് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിലവിലെ സാഹചര്യത്തെ കാണേണ്ടത്. ഡാറ്റയും വേദനയും പൂര്‍ണമായും വിദ്യാര്‍ഥികളുടേതാണെങ്കിലും രാജ്യത്തിന്റെ സമ്പത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. യുവാക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി, പകരമായി സോഷ്യല്‍ മീഡിയ റീലുകളിലും സമയം കൊല്ലലുകളിലും അവരെ തളച്ചിട്ട് സര്‍ക്കാര്‍ അവരെ അടിമകളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്കും ചൈനയ്ക്കും പോലുമില്ലാത്ത യുവജനശേഷി ഇന്ത്യയ്ക്കുണ്ടായിട്ടും അവരെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ഈ വ്യവസ്ഥിതിക്ക് സാധിക്കുന്നില്ല. എന്നാല്‍ ഈ അന്യായമായ വ്യവസ്ഥിതിയെ മാറ്റിമറിക്കേണ്ടത് വെറുപ്പിലൂടെയോ അക്രമത്തിലൂടെയോ അല്ല, മറിച്ച് സ്‌നേഹത്തിലൂടെയും പരസ്പര ആദരവിലൂടെയുമാണെന്ന് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. യുവത്വവും ഡാറ്റയും കൂടിച്ചേരുന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമ്പദ്വ്യവസ്ഥയെന്നും ഇന്ത്യയിലെ യുവാക്കള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ഒരുക്കുന്നതില്‍ നിലവിലെ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam