ന്യൂഡൽഹി: ഡൽഹിയിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കും പ്രചാരണങ്ങൾക്കും മേൽ നിരീക്ഷണം കർശനമാക്കി കേന്ദ്ര സർക്കാർ. യൂട്യൂബ്, എക്സ് (ട്വിറ്റർ), ഗൂഗിൾ, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനരീതിയും അൽഗോരിതങ്ങളും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയവും അന്വേഷണ ഏജൻസികളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
സർക്കാർ വിരുദ്ധ വിഡിയോകളും ഉള്ളടക്കങ്ങളും ഉപയോക്താക്കൾക്ക് കൂടുതൽ നിർദ്ദേശിക്കുന്ന രീതിയിൽ (വീഡിയോ റെക്കമൻഡേഷൻ) ബാഹ്യ ഇടപെടലുകളോ അൽഗോരിതം കൃത്രിമത്വങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് മന്ത്രാലയം പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മെറ്റ (ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്) പ്രതിനിധികളുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലവിലെ അൽഗോരിതം രീതികളിൽ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് തൊട്ടുപിന്നാലെ, ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ കണ്ട ജനപ്രിയ വിഡിയോകളും റീലുകളും പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുകയോ ഇന്ത്യയിൽ ലഭ്യമാകാതാവുകയോ ചെയ്തിട്ടുണ്ടെന്ന് സമരനേതാക്കളും ഉപയോക്താക്കളും ചൂണ്ടിക്കാണിക്കുന്നു.
വരും ദിവസങ്ങളിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ തുടരുമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലെ കേന്ദ്രത്തിന്റെ കടുത്ത ഇടപെടലിനെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
