മോദി ഭയക്കുന്ന രണ്ടുനേതാക്കളാണ് കെജ്രിവാളും രാഹുൽ ഗാന്ധിയും

APRIL 25, 2024, 11:46 AM

'ഇന്ത്യ' സഖ്യത്തിലെ മറ്റെല്ലാ കക്ഷികളേക്കാളും ശത്രുവായി ബി.ജെ.പി സർക്കാരിന് അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിയും മാറുന്നുണ്ടെങ്കിൽ അത് 'ഇന്ത്യ' സഖ്യത്തിന്റെ ശക്തനായ നേതാക്കൾ എന്നതു കൊണ്ടുതന്നെയാണ്. ജനപിന്തുണയുള്ള സൗമ്യനായ നേതാവാണ് രാഹുൽ. മികച്ച കഴിവുകളുള്ള, തന്ത്രശാലിയായ ഒരു എതിരാളി ആയിട്ടാണ് കെജ്രിവാളിനേ മോദി കാണുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും കൂടുതൽ ഭയക്കുന്നത് അരവിന്ദ് കെജ്രിവാളിനേയും രാഹുൽ ഗാന്ധിയേയുമാണ്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കെജ്രിവാളിന്റേയും മോദിയുടെയും വരവ് ഒരേ പാതയിലൂടെയായിരുന്നു.

മധ്യവർഗ്ഗ ആകുലതകളിൽ നിന്ന് രൂപം പ്രാപിച്ച ആം ആദ്മി പാർട്ടിയുടേയും ബി.ജെ.പി.യുടേയും വോട്ട് ബാങ്ക് ഒരർത്ഥത്തിൽ ഒന്നുതന്നെയാണ്. ഒരേ ഗ്രൗണ്ടിൽ കളിക്കുന്ന രണ്ട് പാർട്ടികൾ. ആം ആദ്മി പാർട്ടിയില്ലായെങ്കിൽ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ പ്രത്യേകിച്ച് മടിയൊന്നും ഇല്ലാത്ത ഒരു പറ്റം വോട്ടറന്മാർ. അവിടെയാണ് കെജ്രിവാളിനെ പൂട്ടാൻ ബി.ജെ.പിയ്ക്ക് ഏറ്റവും ശക്തമായ കാരണം കിട്ടുന്നത്. 

vachakam
vachakam
vachakam

'ഇന്ത്യ' സഖ്യത്തിലെ മറ്റെല്ലാ കക്ഷികളേക്കാളും ശത്രുവായി ബി.ജെ.പി സർക്കാരിന് ആപ്പും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവാളും മാറുന്നുണ്ടെങ്കിൽ അത് 'ഇന്ത്യ' സഖ്യത്തിന്റെ ശക്തനായ നേതാവ് എന്നതു കൊണ്ടോ. കഴിവുള്ള, തന്ത്രശാലിയായ ഒരു എതിരാളി എന്ന തിരിച്ചറിവുകൊണ്ടു കൂടിയാണ്.

രാഹുലിന്റെ  കാര്യത്തിൽ മോദിക്ക് രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന് രാഹുലിന്റെ ജനസമ്മതി. രണ്ട്, കെജ്രിവാളും രാഹുലും മോദിയേക്കാൾ ഏറെ ചെറുപ്പമാണെന്നത്.  
മുഖ്യമായും മധ്യവർഗ ഹിന്ദുക്കളാണ് കെജ്രിവാളും മോദിയും. അവരുടെ വോട്ടുബാങ്കും ഒന്നുതന്നെ. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന പ്രഖ്യാപനവുമായാണ് ഇരുവരും രാഷ്ട്രീയജീവിതം തുടങ്ങിയത്. ആർഎസ്എസ്സുമായുള്ള ബന്ധമാണ് ഇരുവരേയും കൂട്ടിയിണക്കുന്ന മറ്റൊരു സംഗതി. യുപിഎ സർക്കാരിന്റെ അഴിമതികൾക്കെതിരെയുള്ള പോരാട്ടത്തിന് 2010ൽ ഡൽഹിയിൽ അരങ്ങൊരുക്കുമ്പോൾ അണിയറയിൽ നമ്മളറിയാത്ത പല സംഗതികളും നടന്നിരുന്നു.

അണ്ണാ ഹസാരെയുമായി തങ്ങൾക്ക് ദിർഘകാലത്തെ അടുപ്പമുണ്ടെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് തുറന്നു പറഞ്ഞിരുന്നു. കെജ്രിവാൾ തന്നെയും പലവട്ടം കണ്ടിരുന്നുവെന്ന് ആർ.എസ്.എസ് സഹയാത്രികൻ ഗോവിന്ദാചാര്യയും പലവട്ടം പറഞ്ഞിട്ടുണ്ട്.  

vachakam
vachakam
vachakam

ആർ.എസ്.എസ് പാചകശാലയിൽ ചുട്ടെടുത്ത അപ്പമായിരുന്നു ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ. ആ പ്രസ്ഥാനത്തിലും പിന്നീട് എഎപിയിലും സജീവമായിരുന്ന പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതും മറക്കാനാവില്ല.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മാസ്റ്റർ ബ്രെയ്ൻ കെജ്രിവാളായിരുന്നുവെങ്കിലും അതിന്റെ നേട്ടം ഏറ്റവുമധികം കൊയ്തത് നരേന്ദ്ര മോദിയും ബി.ജെ.പിയുമായിരുന്നു. അങ്ങിനെ നോക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രണ്ടുപേരുടെയും വരവ് ഒരേ പാതയിലൂടെയായിരുന്നു.

കേവലം പത്ത് വർഷത്തെ രാഷ്ട്രീയ ചരിത്രം മാത്രമേ അനുഭവമായി കയ്യിലുള്ളൂ എങ്കിലും രണ്ട് സംസ്ഥാനങ്ങളിൽ, പഞ്ചാബിലും ഡൽഹിയിലും ഭരണം നേടിയെടുക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കഴിഞ്ഞു എന്നത് വലിയ രാഷ്ട്രീയപരമായിതന്നെ വലിയ നേട്ടവുമാണ്. പതിനൊന്ന് വർഷത്തിനിപ്പുറം ഗോവയിലും ഗുജറാത്തിലും കൂടി നേടിയെടുത്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ പാർട്ടി പദവിയിലാണ് എ.എ.പി ഇപ്പോഴുള്ളത്. അതുതന്നെയാണ് യൂണിയൻ സർക്കാരിനെ, ബി.ജെ.പിയെ, സംഘപരിവാറിനെ, ആർഎസ്എസിനെ ഒക്കേയും വെറിളി പിടിപ്പിക്കുന്നത്.

vachakam
vachakam
vachakam

മാത്രമല്ല, കെജ്രിവാൾ ഒരു സ്ട്രീറ്റ് ഫൈറ്റർ ആണ്. സാധാരണക്കാരൻ എന്ന ഇമേജ് ശരീരഭാഷയിലും ജനക്ഷേമത്തിന് മുൻതൂക്കം നൽകുന്ന രാഷ്ടീയം മുന്നോട്ടുവയ്ക്കുന്ന നേതാവ്  പ്രാദേശിക ജനകീയതയ്ക്കപ്പുറം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരാൾ. നിരവധി സംസ്ഥാനങ്ങളിൽ, കേരളത്തിൽപ്പോലും സ്വാധീനമുണ്ടാക്കാനും മത്സരിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ശേഷിയുണ്ടാക്കുകയും ധൈര്യം കാണിക്കുകയും ചെയ്തയാൾ. ആരുമായും കൊമ്പ് കോർക്കുന്നതിനും ഒരു മടിയുമില്ലാത്തയാൾ.

2013ൽ ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കെജ്രിവാൾ അധികാര രാഷ്ട്രീയത്തിൽ കാലുറപ്പിച്ചത്.  തൊട്ടടുത്ത കൊല്ലം വാരാണസിയിൽ മോദിക്കെതിരെ കളത്തിലറങ്ങിയ കെജ്രിവാളിനെയും മറക്കാനാവില്ല.

ഗംഗയിൽ മുങ്ങി നിവർന്ന് വാരാണസിയിലെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോൾ കെജ്രിവാളിന്റെ മൂലധനം അപാരമായ ആത്മവിശ്വാസം മാത്രമായിരുന്നു. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ അന്ന് രണ്ടാമതെത്തിയത് കെജ്രിവാളായിരുന്നു. അന്ന് കോൺഗ്രസും എസ്പിയും ബി.എസ്പിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കെജ്രിവാളിനെ പിന്തുണച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ, കഥ മാറിയേനെ..!

അന്നുതന്നെ നരേന്ദ്രമോദി നോട്ടമിട്ടിട്ടുണ്ടായിരിക്കണം. 2015ൽ കെജ്രി മോദിയെ ഒന്നുകൂടി ഞെട്ടിച്ചു. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 67ലും എഎപി വിജയിച്ചുകയറി. അത് ബി.ജെ.പിക്കുമാത്രമല്ല, മോദി എന്ന ഉഗ്രപ്രതാപിയെ പിടിച്ചുലക്കുക തന്നെ ചെയ്തു

2020ൽ കെജ്രിവാൾ അധികാരം നിലനിർത്തിയതും വലിയ കാര്യം തന്നെയാണ്. രണ്ട് വർഷം മുമ്പ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലും എഎപി മുന്നേറിയതോടെ ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ നില വല്ലാതെ പരുങ്ങലിലായി. കെജ്രിവാളിനെ ഒതുക്കാനായാണ്  ഡൽഹി ഭരണകൂടത്തിന്റെ അധികാരങ്ങൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് ഓർക്കുമല്ലോ, എന്നാൽ അതിലൊന്നും അല്പം പോലും പതറാതെ കെജ്രിവാൾ മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു.

ഡൽഹി ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് കമ്മീഷണറായുള്ള അനുഭവ പരിചയമാണ് ഭരണകേന്ദ്രങ്ങളിലെ അഴിമതിയുടെ സങ്കീർണതയും ആഴവും കെജ്രിവാളിനെ ബോധ്യപ്പെടുത്തിയത്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു മധ്യവർഗ്ഗ കുടുംബപശ്ചാത്തലത്തിൽ ജനിച്ച കെജ്രിവാൾ ഐ. ഐ.ടി കാൺപൂരിൽ നിന്നാണ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങ് ബിരുദം നേടിയത്.

നല്ലൊരു ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ചു. ഐ.പി.എസായിരുന്നു കെജ്രിവാളിന്റെ ആദ്യകാല ലക്ഷ്യം. ലഭിച്ചത് പക്ഷേ ഇന്ത്യൻ റവന്യൂ സർവ്വീസ്. ഡൽഹിയിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്‌തെങ്കിലും അധികകാലം അവിടെ തുടർന്നില്ല. മുഴുവൻ സമയ ആക്ടിവിസത്തിലേക്ക് 2006 ഓടെ കെജ്രിവാൾ എത്തി.

ആദായനികുതി വകുപ്പിലെ അഴിമതിയ്‌ക്കെതിരെ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന സംഘടനയും സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് വിവരാവകാശ നിയമത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതിന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷനും ആരംഭിച്ചു. എന്തിനേറെ, കെജ്രിവാളിന്റെ പ്രവർത്തനങ്ങൾക്ക് മാഗ്‌സസെ അവാർഡുവരെ ലഭിച്ചു.

ഇപ്പോഴിതാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ഡൽഹി രാഷ്ട്രീയ സംഘർഷങ്ങളുടെ ഉച്ചസ്ഥായിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ബി.ജെ.പി നീക്കം ദ്രുതഗതിയിലാണ്. അതിനായി, ഡൽഹിയിൽ ഭരണപ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. അടുത്തെങ്ങും കെജ്രിവാൾ പുറം ലോകം കാണരുതെന്ന് വാശിയുമുണ്ട്.

ഇ.ഡി അറസ്റ്റ് നടന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നെന്നും ഇത് ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു കെജ്രിവാളിന്റെയും ആപിന്റെയും, അറസ്റ്റിനെതിരേയുള്ള പ്രധാന ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രചാരണത്തിൽ നിന്ന് തന്നെ അകറ്റാനാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന സർക്കാർ നടത്തിയത് എന്നും ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധതയാണ് എന്നും കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു.
'ഫാസിസം കലാ, സാഹിത്യ, സാംസ്‌ക്കാരിക മെഖലകളിലുള്ളവരെ ഭയാലുക്കളും, അവസരവാദികളും ആക്കിത്തീർക്കും. പത്രപ്രവർത്തകരും കലാപ്രവർത്തകരും ഭരണകേന്ദ്രങ്ങളെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. തൊഴിൽ പിന്നോക്കക്ഷേമ വകുപ്പുമന്ത്രി രാജ്കുമാർ ആനന്ദിന്റെ രാജി ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്.

ഡൽഹി സർക്കാറിൽ ഭരണപ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർത്ത്, ലഫ്. ഗവർണറുടെ റിപ്പോർട്ട് വാങ്ങിയെടുത്താൽ രാഷ്ട്രപതി ഭരണം സാധ്യമാക്കാനാകും. തുടർച്ചയായ കോടതി നടപടികളിലൂടെ കെജ്രിവാറിനെ ഇലക്ഷൻ കഴിയുന്നതുവരെ ജയിലിടാനുള്ള നീക്കത്തിലാണ് ഇ.ഡി. മറുവശത്ത്. ഈ സാഹചര്യം മുതലെടുത്ത്, കെജ്രിവാൾ രാജി വെക്കണമെന്നും ഡൽഹി സർക്കാറിനെ പിരിച്ചുവിടണമെന്നുമുള്ള ആവശ്യം ബി.ജെ.പി ശക്തമാക്കുകയാണ്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam