ഹൈദരാബാദ്∙ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിൽ. കെ.ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് സംസ്ഥാന പൊലീസ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോൺചോർത്തിയിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിട്ടുണ്ട്.
നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ മുൻമേധാവി ടി.പ്രഭാകർ റാവുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. തെലുഗു ടിവി ചാനൽ വൺ ന്യൂസ് നടത്തുന്ന ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥർ രാധാ കിഷൻ റാവു എന്നിവർക്കും ലുക്ക്ഔട്ട് നോട്ടിസ് അയച്ചിട്ടുണ്ട്. ആരോപണത്തോട് ബിആർഎസ് പ്രതികരിച്ചിട്ടില്ല.
രേവന്ത് റെഡ്ഡിയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിനായി ഇറക്കുമതി ചെയ്ത ഫോൺ ടാപ്പിംഗ് ഉപകരണങ്ങൾ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന ഇൻ്റലിജൻസിൻ്റെ ടെക്‌നിക്കൽ കൺസൾട്ടൻ്റായിരുന്ന രവി പോൾ എന്നയാളാണ് രേവന്ത് റെഡ്ഡിയുടെ വസതിക്ക് സമീപം ഓഫീസ് തുറന്ന് ഫോൺ ചോർത്താനുള്ള ഉപകരണം സ്ഥാപിച്ചത്.
കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ ഇസ്രായേലിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണത്തിന് 300 മീറ്റർ ചുറ്റളവിലുള്ള ഫോൺ സംഭാഷണങ്ങൾ പിടിച്ചെടുക്കാനാകും. പ്രതിപക്ഷ നേതാക്കളെ കൂടാതെ ജ്വല്ലറികൾ, ഭൂമി വ്യാപാരികൾ, വ്യവസായികൾ, പ്രമുഖർ തുടങ്ങി നിരവധി പേർ പോലീസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഫോൺ ചോർത്തൽ പ്രമുഖ ദമ്പതികളുടെ വിവാഹമോചനത്തിലേക്ക് നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്